പോലീസ് തടഞ്ഞിട്ടും അംബേദ്കർ ഹോസ്റ്റലിലെത്തി പ്രസംഗിച്ച് രാഹുൽ
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: ബിഹാർ ദർബാംഗയിലെ അംബേദ്കർ ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽനിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞു.
ബിഹാറിലെ ദളിത്, പിന്നാക്ക വിഭാഗ, ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന "ശിക്ഷാ ന്യായ് സംവാദ്’ എന്ന പരിപാടിയിൽ പ്രസംഗിക്കാനായി അംബേദ്കർ ഹോസ്റ്റലിലേക്കു സഞ്ചരിക്കവെയാണ് രാഹുൽ സഞ്ചരിച്ചിരുന്ന കാർ പോലീസ് വഴിയിൽ തടഞ്ഞത്. ഇതോടെ രാഹുൽ കാറിൽനിന്നിറങ്ങി നൂറോളം കോണ്‍ഗ്രസ് പ്രവർത്തകരുടെ അകന്പടിയോടെ രണ്ടര കിലോമീറ്ററോളം നടന്നാണ് അംബേദ്കർ ഹോസ്റ്റലിലെ വേദിയിലെത്തി പ്രസംഗിച്ചത്.
ബിഹാറിലെ ആയിരത്തിലധികം വിദ്യാർഥികളുമായി രാഹുൽ സംവദിക്കുന്ന "ശിക്ഷാ ന്യായ് സംവാദ്’പരിപാടി നടത്താൻ ദർബാംഗയിലെ അംബേദ്കർ ഹോസ്റ്റലാണു കോണ്‍ഗ്രസ് നേതൃത്വവും വിദ്യാർഥികളും തെരഞ്ഞെടുത്തതെങ്കിലും അധികൃതർ ഹോസ്റ്റലിൽ പരിപാടി നടത്താൻ അനുമതി നൽകാതെ ദർബാംഗയിലെ ടൗണ്‍ ഹാളിൽ പരിപാടി നടത്താൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ അംബേദ്കർ ഹോസ്റ്റലിൽ നിർമിച്ച വേദിയിൽത്തന്നെ പരിപാടി നടത്തുമെന്ന നിലപാടിൽ നിരവധി വിദ്യാർഥികളും കോണ്‍ഗ്രസ് പ്രവർത്തകരും ഉറച്ചുനിന്നു. ഇതോടെയാണ് അംബേദ്കർ ഹോസ്റ്റലിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള മാർഗമധ്യേ രാഹുലിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്.
ബിഹാറിലെ എൻഡിഎയുടെ ഡബിൾ എൻജിൻ വഞ്ചനാസർക്കാർ അംബേദ്കർ ഹോസ്റ്റലിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിൽനിന്നു തന്നെ തടഞ്ഞുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
യുവാക്കളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽനിന്നു തന്നെ ആർക്കും തടയാൻ കഴിയില്ലെന്നും ഭീംറാവു അംബേദ്കറിന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ച് രാഹുൽ പറഞ്ഞു.