മണിപ്പുരിൽ സൈനിക നടപടി; 10 കുക്കികൾ കൊല്ലപ്പെട്ടു
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: മണിപ്പുരിലെ മ്യാൻമർ അതിർത്തിക്കടുത്തുള്ള ചന്ദേലിൽ സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കികൾ കൊല്ലപ്പെട്ടു. തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട സായുധ കേഡറുകളാണു കൊല്ലപ്പെട്ടതെന്ന് ആസാം റൈഫിൾസ് അവകാശപ്പെട്ടു.
ചന്ദേൽ ജില്ലയിലെ ഖെംഗ്ജോയ് താലൂക്കിലെ ന്യൂ സാംതാൽ ഗ്രാമത്തിനടുത്ത് സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടർന്ന് ആസാം റൈഫിൾസിന്റെ മൂന്നാം കോർപ്സിനു കീഴിലുള്ള യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിലാണു തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
സായുധരായ പോരാളികൾ സൈനികർക്കു നേരേ വെടിയുതിർത്തെന്നും തുടർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് പത്തുപേരും കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരണം. ഇവരിൽനിന്നു വലിയതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്നും സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സായുധ കേഡറുകളുമായുള്ള ബന്ധവും തിരിച്ചറിയലും അടക്കമുള്ള വിശദാംശങ്ങളും ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.
ഇതിനിടെ, നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുളിൽ ചൊവ്വാഴ്ച മുതൽ 24 വരെ നീളുന്ന ഷിരിയി ലില്ലി ഉത്സവത്തിന് തടങ്ങളുണ്ടാകില്ലെന്ന് മണിപ്പുർ പോലീസ് അറിയിച്ചു. മണിപ്പുരിന്റെ സംസ്ഥാന പുഷ്പമായ ഷിരിയി ലില്ലിപ്പൂക്കളുടെ സംസ്ഥാന ഉത്സവത്തിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതായി രാഷ്ട്രപതി ഭരണത്തിലുള്ള ഭരണകൂടം വ്യക്തമാക്കി.
കുക്കി മേഖലകളിലൂടെ മെയ്തെയ് വിഭാഗക്കാർ ഉത്സവത്തിനായി പോകാൻ അനുവദിക്കില്ലെന്ന കുക്കി സോ വില്ലേജ് വോളണ്ടിയർ - ഇസ്റ്റേണ്‍ സോണ്‍ എന്നപേരിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നു പോലീസ് പറയുന്നു. അത്തരത്തിലൊരു സംഘടന നിലവിലില്ലെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കിയതായും പോലീസ് അറിയിച്ചു.