അമേരിക്ക-ഇറാൻ ആണവകരാറിന് സാധ്യത തെളിഞ്ഞു: ട്രംപ്
Thursday, May 15, 2025 10:43 PM IST
ദുബായി: ഇറാൻ-അമേരിക്ക ആണവകരാറിനു സാധ്യത തെളിഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവയ്ക്കുന്നതിന്റെ വക്കിലാണ് ഇരു രാജ്യങ്ങളുമെന്ന് ട്രംപ് ഗൾഫ് പര്യടനത്തിനിടെ പറഞ്ഞു.
ദീർഘകാല സമാധാനം ലക്ഷ്യമിട്ട് ഇറാനും അമേരിക്കയും ഗൗരവമേറിയ ചർച്ചകൾ തുടരുകയാണ്. കാര്യങ്ങൾ നല്ല രീതിയിലോ അക്രമാസക്ത രീതിയിലോ പരിഹരിക്കാൻ കഴിയും. അക്രമാസക്ത വഴി തെരഞ്ഞെടുക്കാൻ തനിക്കു താത്പര്യമില്ലെന്നു ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. യുഎസ്, ഇറാൻ പ്രതിനിധികൾ ഒമാനിൽ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണു ശ്രമിക്കുന്നതെന്ന് ഇരുവിഭാഗവും പറയുന്നുണ്ടെങ്കിലും അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ചർച്ചകൾ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളാണ് ഇറാനിൽനിന്നു ലഭിക്കുന്നത്.
ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനയ്ക്കു ഭീഷണിയുടെ സ്വരമുണ്ടെന്ന രീതിയിലാണ് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പ്രതികരിച്ചത്. ഉപരോധംകൊണ്ട് ഭീഷണിപ്പെടുത്താമെന്നാണു ട്രംപ് കരുതുന്നതെന്നും ഇറാൻ പശ്ചിമേഷ്യയിലെ ഏറ്റവും വിനാശ ശക്തിയാണെന്നും പസെഷ്കിയാൻ പറഞ്ഞു.
അതേസമയം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി ഷംഖാനി ബുധനാഴ്ച അമേരിക്കൻ ചാനലിനു നല്കിയ അഭിമുഖത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്ന സൂചന നല്കിയിരുന്നു.
അണ്വായുധം നിർമിക്കില്ല, ഉയർന്ന അളവിൽ സന്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കും, യുറേനിയത്തിന്റെ ഉപയോഗം സമാധാന ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തും, ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടം അനുവദിക്കും തുടങ്ങിയവയ്ക്ക് ഇറാൻ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ആണവ കരാർ യാഥാർഥ്യമാക്കാൻ, ഇറാൻ യുറേനിയം സന്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന ആവശ്യം മയപ്പെടുത്താൻ അമേരിക്കയും തയാറാകുമെന്നാണു സൂചന.