വഖഫ് ഭേദഗതി നിയമം: ഹർജികൾ 20ന് പരിഗണിക്കും
Friday, May 16, 2025 2:26 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജികൾ ഈ മാസം 20ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഉപയോഗത്തിലൂടെ വഖഫായി മാറുക, വഖഫ് കൗണ്സിലുകളിലേക്കും ബോർഡുകളിലേക്കും അമുസ്ലിംകളെ നാമനിർദേശം ചെയ്യുക തുടങ്ങി നിയമത്തിലെ വ്യവസ്ഥകളിൽ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്ന വിഷയമാണു കോടതി പരിശോധിക്കുക.
കോടതി അടുത്ത നടപടി സ്വീകരിക്കുന്നതുവരെ നിലവിലെ സാഹചര്യം തുടരുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
20ന് കേസ് കേൾക്കുന്പോൾ ഇരുകൂട്ടർക്കും തങ്ങളുടെ വാദം നടത്തുന്നതിന് രണ്ടു മണിക്കൂർ അനുവദിക്കുമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചിരുന്നത്.
എന്നാൽ താൻ വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും അതിനാൽ ഈ ഹർജികൾ പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് നിർദേശിക്കുന്നതായും ഈ മാസം അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 17 ന് വാദം കേട്ടപ്പോൾ കോടതി ഇടക്കാല ഉത്തരവിലേയ്ക്കു കടന്നെങ്കിലും നിയമത്തിലെ പല പ്രധാന വ്യവസ്ഥകളും തത്കാലം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.