90 മീറ്റർ കടന്ന് നീരജ്
Saturday, May 17, 2025 6:16 AM IST
ദോഹ: പുരുഷ ജാവലിൻ ത്രോയിൽ ഇരട്ട ഒളിന്പിക് മെഡലുള്ള ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്ര കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം ക്ലിയർ ചെയ്തു. കഴിഞ്ഞ രാത്രിയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര 90.23 മീറ്റർ ദൂരം ജാവലിൻ പായിച്ചു.
ടോക്കിയോ ഒളിന്പിക്സിൽ സ്വർണവും പാരീസ് ഒളിന്പിക്സിൽ വെള്ളിയും നേടിയ നീരജ് ചോപ്ര, ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ഏറിലാണ് 90.23 മീറ്റർ കുറിച്ചത്. സ്വന്തം പേരിലെ ദേശീയ റിക്കാർഡും ഇതിലൂടെ നീരജ് തിരുത്തി.
അതേസമയം, ദോഹയിൽ വെള്ളി മെഡൽ മാത്രമാണ് നീരജിനു ലഭിച്ചത്. 91.06 മീറ്റർ ജാവലിൻ പായിച്ച ജർമനിയുടെ ജൂലിയൻ വെബറിനാണ് സ്വർണം.