പിഎസ്ജി x ആഴ്സണല്‍ രണ്ടാംപാദ സെമി രാത്രി 12.30ന്
Wednesday, May 7, 2025 1:25 AM IST
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ രണ്ടാം ഫൈനല്‍, കന്നിക്കിരീടം എന്നീ മോഹങ്ങളുമായി രണ്ടു ടീമുകള്‍ ഈ രാത്രി നേര്‍ക്കുനേര്‍.
ഇംഗ്ലീഷ് ക്ലബ് ആഴ്സണലും ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്മനുമാണ് 2024-25 സീസണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റിനായി ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.30നു മുഖാമുഖം ഇറങ്ങുന്നത്. ഇരുടീമും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന്റെ വേദി പാരീസാണ്.
നോര്‍ത്ത് ലണ്ടനില്‍ നടന്ന ആദ്യപാദ സെമിയില്‍ പിഎസ്ജി 1-0നു ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ രാത്രി അരങ്ങേറുന്ന രണ്ടാംപാദത്തില്‍ ആതിഥേയരായ പിഎസ്ജിക്കാണ് മാനസിക മുന്‍തൂക്കം.
ചരിത്രം കുറിക്കുമോ?
ആഴ്സണലിനെതിരേ എവേ പോരാട്ടത്തില്‍ കഴിഞ്ഞ ആറു മത്സരങ്ങളില്‍ ആദ്യ ജയം നേടിയശേഷമാണ് പിഎസ്ജി സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്നിറങ്ങുന്നത്. ആദ്യപാദ സെമിക്കു മുമ്പ് അഞ്ച് തവണ ലണ്ടനില്‍ കളിച്ചതില്‍ പിഎസ്ജി മൂന്നു പ്രാവശ്യം തോറ്റിരുന്നു, രണ്ടു മത്സരം സമനിലയില്‍ പിരിഞ്ഞു. എന്നാല്‍, പഴയ ചരിത്രം തിരുത്തിയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള ആദ്യ ചുവടുവച്ചിരിക്കുന്നത്.
ഹോം മത്സരത്തില്‍ തോറ്റശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമതു ടീം എന്ന നേട്ടം കുറിക്കുകയാണ് ആഴ്സണലിന്റെ ലക്ഷ്യം. ആദ്യപാദ സെമിയില്‍ പരാജയപ്പെട്ടശേഷം നെതര്‍ലന്‍ഡ്സില്‍നിന്നുള്ള അയാക്സ് (1995-96), ഇംഗ്ലണ്ടിലെ ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (2018-19) എന്നീ ടീമുകള്‍ മാത്രമാണ് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളൂ.
രണ്ടാം ഫൈനല്‍
ആരു ഫൈനലില്‍ പ്രവേശിച്ചാലും അത് അവരുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീട പോരാട്ടമാണ്. 2005-06 സീസണിലാണ് ആഴ്സണലിന്റെ ഏക ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പിഎസ്ജിയുടേത് 2019-20 സീസണും.
ഇരുടീമിനും ചാമ്പ്യന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2005-06 ഫൈനലില്‍ ആഴ്സണല്‍ 1-2നു ബാഴ്സലോണയോടു പരാജയപ്പെട്ടു. പിഎസ്ജിയുടെ ഫൈനല്‍ തോല്‍വി ബയേണ്‍ മ്യൂണിക്കിനോടായിരുന്നു, 1-0.