സന്പദ് വ്യവസ്ഥയിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്
Wednesday, May 7, 2025 1:07 AM IST
വാഷിംഗ്ടണ്‍ ഡിസി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാന്പത്തിക ശക്തിയാകുമെന്ന്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ 2025 ഏപ്രിൽ പതിപ്പിലാണ് 2025ൽ ഇന്ത്യ ജപ്പാന മറികടന്ന് നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയാകുമെന്ന പ്രവചനം.
അടുത്ത രണ്ട് വർഷത്തേക്ക് ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സന്പദ്വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫിന്റെ ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
2024 വരെ ലോകത്തിലെ അഞ്ചാമത്തെ വലിയ സന്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യ ഐഎംഎഫിന്റെ പുതിയ പ്രവചനങ്ങൾ പ്രകാരം ഈ വർഷം നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ, ഇന്ത്യ ജർമനിയെ മറികടന്ന് മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥ്ഥയായി മാറാനും സാധ്യതയുണ്ട്.
ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഒൗട്ട്ലുക്കിന്റെ 2025 ഏപ്രിൽ പതിപ്പ് അനുസരിച്ച്, ഇന്ത്യയുടെ സന്പദ്വ്യവസ്ഥ 2025ൽ 6.2 ശതമാനവും 2026ൽ 6.3 ശതമാനവും വളരുമെന്ന് കണക്കാക്കപ്പെടുന്നു.
2025-26 സാന്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 4,18,701.7 കോടി ഡോളർ ആകുമെന്നാണ് കണക്കാക്കുന്നത്. ജപ്പാന്റേത് 4,18,543.1 കോടി ഡോളറായിരിക്കുമെന്നും അനുമാനിക്കുന്നു.
2028 ആകുന്പോഴേക്കും ഇന്ത്യയുടെ ജിഡിപി 5,584.476 ബില്യണ്‍ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ജർമനിയുടെ 5,251.928 ബില്യണ്‍ ഡോളറിനേക്കാൾ കൂടുതലാണ്. 2027 ൽ ഇന്ത്യ 5 ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയായി മാറും, ജിഡിപി 5,069.47 ബില്യണ്‍ ഡോളറായിരിക്കും.
2025ൽ ഇന്ത്യയുടെ സാന്പത്തിക വളർച്ച 6.2 ശതമാനമായിരിക്കുമെന്നാണ് ഇതിൽ അനുമാനിക്കുന്നത്. ജനുവരിയിലെ റിപ്പോർട്ടിലിത് 6.5 ശതമാനം വരെയായിരുന്നു. അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന അനിശ്ചിതത്വമാണ് ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കാൻ ഐഎംഎഫിനെ പ്രേരിപ്പിച്ച ഘടകം.
2025ലും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സന്പദ്വ്യവസ്ഥകളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ യുഎസും ചൈനയും തുടരും. ഈ ദശകത്തിലുടനീളം അവർ ഈ റാങ്കിംഗ് നിലനിർത്തുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ആഘാതം കാരണം, 2025 ജനുവരിയിലെ ജിഡിപി നിർണയവുമായി താരതമ്യപ്പെടുത്തുന്പോൾ ഏപ്രിലിൽ താഴ്ത്തിയാണ് പരിഷ്കരിച്ചിരിക്കുന്നത്.
എന്നാൽ, ഇതിനു വിപരീതമായി, ആഗോള സാന്പത്തിക വളർച്ച 2025ൽ 2.8 ശതമാനമായും 2026ൽ 3.0 ശതമാനമായും ഗണ്യമായി കുറയുമെന്ന് പ്രവചിക്കുന്നു.മൂഡീസ് റേറ്റിംഗിലും 2026 സാന്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനങ്ങൾ കുറച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ, മൂഡീസ് റേറ്റിംഗ് ഇന്ത്യയുടെ 2025ലെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറച്ചത്.