ഓഹരി വിപണിയിൽ നഷ്ടം
Wednesday, May 7, 2025 1:07 AM IST
മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നലെ ആരംഭിച്ച യുഎസ് ഫെഡറൽ റിസർവിന്റെ പണ നയ യോഗത്തന്റെ ഫലത്തെ കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇത് നിക്ഷേപകരുടെ വാങ്ങലിനെ ബാധിച്ചു. യോഗം ഇന്ന് പൂർത്തിയാകും.
ബോംബെ സെൻസെക്സ് 155.77 പോയിന്റ് (0.19%) നഷ്ടത്തിൽ 80641.07 പോയിന്റിലും നിഫ്റ്റി 81.55 പോയിന്റ് (0.33%) ഇടിഞ്ഞ് 24379.60ലും ക്ലോസ് ചെയ്തു.
ബെഞ്ച്മാർക്കുകൾ നേരിയ നഷ്ടത്തിൽ അവസാനിച്ചപ്പോൾ, മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ കനത്ത നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 2.16 ശതമാനം നഷ്ടത്തിലായപ്പോൾ സ്മോൾകാപ് സൂചിക 2.33 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 427 ലക്ഷം കോടി രൂപയിൽ നിന്ന് 421 ലക്ഷം കോടിയായി കുറഞ്ഞതോടെ നിക്ഷേപകർക്ക് ഒരു ദിവസം ഏകദേശം ആറു ലക്ഷം കോടി രൂപ നഷ്ടമായി.
രൂപയ്ക്കു 15 പൈസ ഇടിവ്
ഡോളറിനെതിരേ രൂപ 15 പൈസ ഇടവോടെ 84.45 എന്ന നിലയിൽ ക്ലോസ് ചെയ്തു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 84.28ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.26ലേക്ക് ഉയർന്നു. പിന്നീട് 84.64ലേക്കു താഴ്ന്നു. തിങ്കളാഴ്ച 27 പൈസ നേട്ടത്തോടെ 84.30ലാണ് രൂപ ക്ലോസ് ചെയ്തത്.