ജെറോ പവലിനെ പുറത്താക്കില്ലെന്ന്പ്രസിഡന്റ് ട്രംപ്
Monday, May 5, 2025 12:55 AM IST
വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നിരന്തരം പവലിനെ വിമർശിക്കുന്നതിനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസിയുടെ മീറ്റ് ദ പ്രസിൽ പ്രസിഡന്റ് പറഞ്ഞത്.
കടുത്ത തീരുവ നയത്തെത്തുടർന്ന് വലിയ സമ്മർദത്തെയാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ഇതേത്തുടർന്ന് ബുധനാഴ്ച ട്രംപ് കേന്ദ്ര ബാങ്ക് തലവനെ വിമർശിച്ചിരുന്നു.2026 മേയിലാണ് ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തെ പവലിന്റെ കാലാവധി പൂർത്തിയാകുക.
ഈ ആഴ്ച വാഷിംഗ്ടണിൽ ചേരുന്ന ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്കുകൾ കുറച്ചില്ലെങ്കിൽ പവൽ കൂടുതൽ സമ്മർദം നേരിടേണ്ടിവരും. 2018ൽ ട്രംപ് ആണ് പവലിനെ ചെയർമാനായി നിയമിച്ചത്.
പവലിനെ നീക്കം ചെയ്യാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി വിപണിയിലെ അസ്വസ്ഥതകൾ ലഘൂകരിക്കണമെന്ന് ചില ഉന്നതോദ്യോഗസ്ഥർ ട്രംപിനെ സ്വകാര്യമായി കണ്ടെന്നു റിപ്പോർട്ടുകളുണ്ട്.