ഫെഡറല്‍ ബാങ്കിന് 4,052 കോടി രൂപ അറ്റാദായം
Thursday, May 1, 2025 12:34 AM IST
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിൽ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 4052 കോടി രൂപയായി ഉയർന്നു. സാന്പത്തിക വർഷത്തിലെ നാലാംപാദത്തിന്റെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 5,18,483.86 കോടി രൂപയായും ഉയര്‍ന്നു.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ധനവോടെ 283647.47 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിനു മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 209403.34 കോടി രൂപയില്‍നിന്ന് 234836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണു വളര്‍ച്ചാനിരക്ക്.
റീട്ടെയില്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച് 77212.16 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച് 27199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച് 79773.79 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 11.44 ശതമാനം വര്‍ധിച്ച് 19064.36 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 20.93 ശതമാനം വളര്‍ച്ചയോടെ 30505 കോടി രൂപയായി ഉയർന്നു.
മൊത്തവരുമാനം 13.70 ശതമാനം വര്‍ധനവോടെ 7654.31 കോടി രൂപയിലെത്തി. 4375.54 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 1040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.
മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള തങ്ങളുടെ സമീപനത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയന് പറഞ്ഞു.