ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Thursday, May 1, 2025 2:52 AM IST
ഉഴവൂർ: ലോക കായിക ഭൂപടത്തിൽ ശ്രദ്ധേയനായ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് (84) അന്തരിച്ചു. ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 12.45ന് എറണാകുളം തേവക്കലിലെ വസതിയിലുള്ള ശുശ്രൂഷകൾക്കുശേഷം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ.
ഇന്നു രാവിലെ 10ന് ഉഴവൂരിലെ വസതിയിൽ പ്രാർഥനാശുശ്രൂഷകൾക്കുശേഷം മൃതദേഹം എറണാകുളത്തെ വസതിയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
1941 സെപ്റ്റംബർ 26ന് കാഞ്ഞിരപ്പള്ളി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂൾ പ്രഥമ ഹെഡ്മാസ്റ്റർ മേക്കാട്ട് കെ.കെ തോമസിന്റെയും മറിയക്കുട്ടി തോമസിന്റെയും മകനായാണ് ജനനം.
കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി തേവര സേക്രഡ് ഹാർട്ട് കോളജിൽ അധ്യാപകനായി ഔദ്യോഗിക സേവനം ആരംഭിച്ചു.
1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ചുമതലയേറ്റ പ്രഫ. സണ്ണി തോമസ്, 1997ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. സംസ്ഥാനതല മത്സരങ്ങളിൽ സ്വർണമെഡലുകളടക്കം നേടിയിട്ടുണ്ട്. അഞ്ച് തവണ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യനായിരുന്നു. 1976ൽ ദേശീയ ചാന്പ്യ നായി.
1993ൽ ഷൂട്ടിംഗിൽ ആദ്യ ദേശീയ പരിശീലകനായ പ്രഫ. സണ്ണി തോമസ്, 2012 വരെ ചുമതലയിൽ തുടർന്നു. 2002ൽ രാഷ്ട്രപതിയിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങി. അഭിനവ് ബിന്ദ്രയടക്കമുള്ള ലോകതാരങ്ങളെ വാർത്തെടുത്ത പരിശീലകനായി ശ്രദ്ധനേടി.
സെന്റ് സ്റ്റീഫൻസ് കോളജ് ബോട്ടണി വിഭാഗം മേധാവിയായി വിരമിച്ച പ്രഫ. ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കളായ മനോജ് സണ്ണിയും സനിൽ സണ്ണിയും ഷൂട്ടിംഗ് ദേശീയ ചാമ്പ്യന്മാരും ജി.വി. രാജ അവാർഡ് ജേതാക്കളുമാണ്. മകൾ ഡോ. സോണിയ തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ വൈസ് പ്രിൻസിപ്പലാണ്.
മരുമക്കൾ: ഡോ. ബീന (സെന്റ് തേരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി), മഞ്ജു (ഇൻഫോ പാർക്ക് എറണാകുളം), ദീപക് ജോർജ് (അസി. ജനറൽ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, ചെന്നൈ).