ജാതി സെൻസസ് നടത്തും: കേന്ദ്രം
Thursday, May 1, 2025 2:51 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തെ പൊതുസെൻസസിനൊപ്പം ജാതി സെൻസസുകൂടി നടത്താൻ കേന്ദ്രസർക്കാർ. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ അടുത്ത വർഷം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച പൊതുസെൻസസിനൊപ്പം ജാതിവിവരങ്ങളും ശേഖരിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഡൽഹിയിൽ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ചില സംസ്ഥാനങ്ങൾ നടത്തുന്നത് ജാതിസർവേ മാത്രമാണെന്ന് മന്ത്രി ആരോപിച്ചു. സെൻസസ് നടത്തുകയെന്നതു കേന്ദ്രസർക്കാർ വിഷയമാണ്.
രാഷ്ട്രീയലക്ഷ്യങ്ങൾ മുന്നിൽക്കണ്ടു മാത്രമാണ് സംസ്ഥാനങ്ങൾ ഇത്തരമൊരു നീക്കം നടത്തിയത്. ഇത് സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവിൽ കർണാടക, തെലുങ്കാന, ബിഹാർ സംസ്ഥാനങ്ങളാണ് ജാതി സർവേ നടത്തിയ സംസ്ഥാനങ്ങൾ.
പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെടുന്ന വിഷയമാണ് ജാതി സെൻസസ്. പാർലമെന്റിലടക്കം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പലവട്ടം ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നീ നാല് ജാതികൾ മാത്രമേ തനിക്കുള്ളൂ എന്നായിരുന്നു പ്രതിപക്ഷ ആവശ്യത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.
അതേസമയം പൊതുസെൻസസ് എന്നുമുതൽ നടത്തുമെന്നോ അതിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്താണെന്നോ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണു പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ജാതി സെൻസസ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ.
ബിജെപിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) ജാതി സെൻസസ് നടത്തണമെന്ന നിലപാടാണു സ്വീകരിച്ചത്. 2023 ൽ നിതീഷ് കുമാർ സംസ്ഥാനത്ത് ഇതു നടപ്പാക്കുകയും ചെയ്തിരുന്നു. സമാന നിലപാടുതന്നെയാണ് ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) സ്വീകരിച്ചത്.
2011 ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. തുടർന്ന് 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരി കാരണം മാറ്റിവച്ചു. മോദി സർക്കാർ മൂന്നാമതും അധികാരത്തിലെത്തിയതിനു പിന്നാലെ 2026ൽ സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടികളെപ്പറ്റി ഇപ്പോഴും വ്യക്തതയില്ല.
രാജ്യത്തിന്റെ പൊതുവിഭവങ്ങൾ തുല്യമായി വീതിക്കുന്നതിനും പിന്നാക്കവിഭാഗത്തിനുവേണ്ട പരിഗണന നടപ്പാക്കുന്നതിനും ജാതി സെൻസസ് അത്യാവശ്യഘടകമാണ്. വ്യക്തമായ കണക്കുകൾ കേന്ദ്രസർക്കാരിന് ഇതുവഴി ലഭിക്കും.
രാജ്യത്തെ വിവിധ ജാതികൾ, അവയുടെ സാമൂഹിക-സാന്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസ്ഥകൾ, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ജാതി സെൻസസിനു കഴിയുമെന്നാണ് അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ.
സ്വാഗതം ചെയ്ത് കോണ്ഗ്രസ്
ന്യൂഡൽഹി: പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എന്നാൽ, സെൻസസ് നടപ്പാക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും തുടർനടപടികളും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനുശേഷം ഡൽഹിയിൽ കോണ്ഗ്രസ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.