തെലുങ്കാനയിൽ കുട്ടിയുടെ മരണം ; പോളിയോ മരുന്നു മൂലമെന്ന് ആരോപണം
Tuesday, October 14, 2025 3:06 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ സങ്കറെഡ്ഡിയിൽ പോളിയോ തുള്ളിമരുന്നു സ്വീകരിച്ചതിനു പിന്നാലെ മൂന്നുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു.
കഴിഞ്ഞ ഞായറാഴ്ച തുള്ളിമരുന്ന് സ്വീകരിച്ച് 20 മിനിറ്റിനകം കുട്ടി മരിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ, തുള്ളിമരുന്നല്ല മറിച്ച് ശ്വാസംമുട്ടലാകാം മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
അന്ന് ഉച്ചയോടെയാണു കുട്ടിയെ മാതാപിതാക്കൾ തുള്ളിമരുന്നു വിതരണ കേന്ദ്രത്തിൽ കൊണ്ടുവന്നത്. മരുന്നു നൽകി നിരീക്ഷണത്തിൽ ഇരുത്തിയശേഷം തിരിച്ചയയ്ക്കുകയും ചെയ്തു.
പിന്നാലെ കുട്ടി നിർത്താതെ കരയുകയും ഛർദിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കൾ വിതരണകേന്ദ്രത്തിൽ എത്തി. കുട്ടിയെ പിന്നീട് സ്വകാര്യഡോക്ടറെ കാണിക്കുകയും ചെയ്തു. കുട്ടി അപകടാവസ്ഥയിലാണെന്നു മനസിലാക്കിയ ഡോക്ടർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചു. ഇവിടെനിന്നു ഡോക്ടർ എത്തിയാണു മരണം സ്ഥിരീകരിച്ചത്.
തുള്ളിമരുന്ന് വിതരണം ചെയ്തശേഷം വീട്ടിലെത്തിയപ്പോൾ കുട്ടിക്കു ഫീഡിംഗ് ബോട്ടിലിൽ പാൽ നൽകിയതായി ആരോഗ്യവകുപ്പ് പറയുന്നു. ഇതാകാം അപകടകാരണമെന്ന അഭിപ്രായവും ഡോക്ടർമാർ പങ്കുവച്ചു. ശ്വാസംമുട്ടിയതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്.
കുട്ടിക്കു നൽകിയ തരം തുള്ളിമരുന്ന് മറ്റ് 108 കുട്ടികൾക്കും നൽകിയിരുന്നു. ആർക്കും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായില്ലെന്നും ആരോഗ്യവകുപ്പ് വാദിക്കുന്നു.