അനന്തു അജിയുടെ ആത്മഹത്യ; ആർഎസ്എസിനെ പ്രതി ചേർക്കാത്തതിനെ വിമർശിച്ച് കോണ്‍ഗ്രസ്
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യയിൽ ആരെയും പ്രതി ചേർക്കാതെ എഫ്ഐആർ രേഖപ്പെടുത്തിയതിനെ വിമർശിച്ച് കോണ്‍ഗ്രസ്.
നാലാം വയസ് മുതൽ ആർഎസ്എസ് ശാഖയിലെ നിരവധിയാളുകളിൽനിന്ന് ലൈംഗിക, ശാരീരിക അക്രമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തലുണ്ടായിട്ടും എഫ്ഐആറിൽ ആർഎസ്എസിന്റെ പേര് ഉൾപ്പെടുത്താത്തതു കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരേ ചോദ്യങ്ങളുയർത്തുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേനത്തിൽ പറഞ്ഞത്.
ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും തെളിവുകൾ ഉള്ളപ്പോൾ, രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയെ ഭരണകൂടം ഇത്രയധികം ഭയപ്പെടുന്നതും എഫ്ഐആറിൽ ’ആർഎസ്എസ്’ എന്ന വാക്ക് പരാമർശിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് പവൻ ചോദിച്ചു.
“ലക്ഷക്കണക്കിന് ഇന്ത്യക്കാർ അവരുടെ കുട്ടികളെ ആർഎസ്എസ് ക്യാന്പുകളിലേക്ക് അയയ്ക്കുന്നു. ഇന്ന് അനന്തു അജിയുടെ കഥ നമ്മോട് പറയുന്നത് നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലെന്നാണ്. അവന്റെ വാക്കുകൾ സാംസ്കാരിക ദേശീയതയുടെ മുഖംമൂടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഇരുട്ടിനെ തുറന്നുകാട്ടുന്നു.
അവിടെ സാധാരണക്കാരും പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആണ്‍കുട്ടികളെ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ഇരകളാക്കുകയും തെറ്റായി സ്വാധീനിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്നു”-പവൻ പറഞ്ഞു.