ഐആർസിടിസി അഴിമതിക്കേസ്; ആർജെഡിക്ക് തിരിച്ചടി
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഐആർസിടിസി അഴിമതിക്കേസിൽ ആർജെഡിക്ക് തിരിച്ചടി.
മുൻ റെയിൽവേ മന്ത്രിയും ആർജെഡിയുടെ മുതിർന്ന നേതാവുമായ ലാലു പ്രസാദ് യാദവിനെതിരേ അഴിമതി, ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ ഡൽഹിലെ പ്രത്യേക കോടതി ഉത്തരവിട്ടു.
ഭാര്യയും എംഎൽഎയുമായ റാബ്റി ദേവി, മകനും തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ മുഖവുമായ തേജസ്വി യാദവ് എന്നിവർക്കെതിരേയും കുറ്റം ചുമത്താൻ റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ നിർദേശിച്ചു.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) രണ്ട് ഹോട്ടലുകളുടെ പ്രവർത്തന കരാറുകൾ ഒരു സ്വകാര്യസ്ഥാപനത്തിന് നൽകിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ലാലു കുടുംബത്തിനെതിരേയുള്ള നടപടി.
2004നും 2009നും ഇടയിൽ ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകൾ കൃത്രിമമായ ടെൻഡർ പ്രക്രിയയിലൂടെ സുജാത ഹോട്ടലുകൾക്ക് പാട്ടത്തിന് നൽകിയതായതാണ് സിബി ഐയുടെ കണ്ടെത്തൽ.
ഇതിനായി സുജാത ഹൊള്ളലിനെ സഹായിക്കുന്നതിനായി വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായും സിബിഐ അവകാശപ്പെടുന്നു. ക്രമക്കേടുകൾക്ക് പകരമായി ബിനാമികളുടെ പേരിൽ ഭൂമി കൈമാറ്റം നടത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ.
ഐആർസിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറൽ മാനേജർമാരായ വി.കെ. അസ്താന, ആർ.കെ. ഗോയൽ, സുജാത ഹോട്ടൽസിന്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.