ആര്‍എസ്എസ് നിഗൂഢ സംഘടനയെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ
Tuesday, October 14, 2025 3:06 AM IST
ബംഗളൂരു: ലോകത്തിലെ ഏറ്റവും നിഗൂഢ സംഘടന ആര്‍എസ്എസ് ആണെന്ന ആരോപണമുന്നയിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ ആത്മാവിനും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
“ആര്‍എസ്എസ് ലോകത്തെ ഏറ്റവും നിഗൂഢമായ സംഘടനയാണ്. എന്തിനാണ് ഇത്രയും രഹസ്യം? ആരാണ് ഇവര്‍? ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം എന്തിനാണ് തത്സമയം സംപ്രേഷണം ചെയ്യേണ്ടത്? അവരുടെ സംഭാവന എന്താണ്? എന്തുകൊണ്ടാണ് അവര്‍ക്ക് വടികളുമായി മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കുന്നത്? ആര്‍എസ്എസിന്റെ പാവയാണ് ബിജെപി. മതമില്ലാതെ ആര്‍എസ്എസ് പൂജ്യമാണ്”-പ്രിയങ്ക് ഖാർഗെ പറഞ്ഞു.
താന്‍ ഹിന്ദുക്കളെയോ ഹിന്ദുമതത്തെയോ എതിര്‍ക്കുന്നില്ല എന്നു പറഞ്ഞ ഖാര്‍ഗെ, ആര്‍എസ്എസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നും പറഞ്ഞു.
കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയോട് ഖാര്‍ഗെ അടുത്തയിടെ ആവശ്യപ്പെട്ടിരുന്നു.