സൂരജ് പാലക്കാരനെതിരായ കേസിൽ സ്റ്റേ തുടരും
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: പോക്സോ കേസിൽ ഇരയായ കുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തിയ മലയാളി യുട്യൂബർ സൂരജ് പാലക്കാരനോട് വീഡിയോയ്ക്ക് പ്രതിഫലമായി ലഭിച്ച പണത്തിൽനിന്ന് സംഭാവന നല്കാൻ നിർദേശിച്ച് സുപ്രീംകോടതി.
കുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ വീഡിയോയിലൂടെ യുട്യൂബിൽനിന്നു ലഭിച്ച വരുമാനത്തിന്റെ പങ്ക് സംഭാവനയായി നൽകാനാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്. ഇക്കാര്യത്തിൽ കോടതി നിർബന്ധിക്കുന്നില്ലെന്നും എന്തു വേണമെന്നും സൂരജിന് തീരുമാനിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
കേസിൽ സൂരജ് നിരുപാധികം ക്ഷമാപണം നടത്തിയതായും അതിനാൽ കേസ് തീർപ്പാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ദുരുദ്ദേശ്യത്തോടെയല്ല സൂരജ് വീഡിയോ നിർമിച്ചതെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗം കേൾക്കാതെ അത്തരമൊരു നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ പോലീസിന്റെ ചില നടപടികൾ നിമിത്തം ഈ വർഷം ഏപ്രിൽ ഒന്നിന് സൂരജിനെതിരായ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ നടപടി തുടരുമെന്നും ഇന്നലെ ബെഞ്ച് വ്യക്തമാക്കി.
പോക്സോ കേസിൽ ഇരയായ കുട്ടിയുടെയും മാതാവിന്റെയും വിവരങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ പോക്സോ നിയമത്തിലെ സെക്ഷൻ 23 , ഐപിസി സെക്ഷൻ 228 (എ) പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.