"അലംഭാവം ഞെട്ടിക്കുന്നു' ; തീവ്രപരിചരണ വിഭാഗങ്ങളിലെ മാനദണ്ഡങ്ങളിൽ വീഴ്ച
Wednesday, October 15, 2025 2:21 AM IST
സനു സിറിയക്
ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ താക്കീത്.
കോടതിയുടെ നിർദേശത്തോടു നിസംഗത കാണിച്ചതിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റീസുമാരായ എ. അമാനുള്ള, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
റിപ്പോർട്ട് സമർപ്പിക്കാൻ വീഴ്ചവരുത്തിയതിൽ കാരണംകാണിക്കൽ സത്യവാങ്മൂലം വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം സമർപ്പിക്കണം. അന്നേദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഇല്ലെങ്കിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിസാരവത്കരിക്കുന്നതായും നിരീക്ഷിച്ചു.
ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നല്കാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിന് നടപടിക്രമങ്ങൾ തയാറാക്കാനും റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിക്ക് കൈമാറാനും നിർദേശമുണ്ടായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന വ്യക്തമായ സമയപരിധി കോടതി നിശ്ചയിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ അത് അവഗണിച്ചതിനാലാണ് കോടതി കൂടുതൽ നടപടികളിലേക്ക് കടന്നത്.
കഴിഞ്ഞ മാസം സമാനവിഷയത്തിൽ വാദം കേട്ടപ്പോൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ പാലിച്ചതായി കണ്ടെത്തിയിരുന്നു.