ജെപിസി ബഹിഷ്കരിക്കും: സംയുക്ത പ്രതിപക്ഷം
Wednesday, October 15, 2025 2:21 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടുന്നതിനു തുല്യമായ മൂന്നു വിവാദബില്ലുകൾ പരിശോധിക്കാനുള്ള പാർലമെന്റിന്റെ സംയുക്ത സമിതി (ജെപിസി) പൂർണമായി ബഹിഷ്കരിക്കാൻ സംയുക്ത പ്രതിപക്ഷം തീരുമാനിച്ചു. കോണ്‍ഗ്രസും ഇടതു പാർട്ടികളും അടക്കമുള്ള ഇന്ത്യ സഖ്യത്തോട് കൂട്ടുചേർന്നു തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ജെപിസിയിൽ ചേരില്ല.
ഗുരുതര കുറ്റങ്ങൾക്കു തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബില്ലുകൾ. ഇതര പ്രതിപക്ഷ പാർട്ടികളോടൊപ്പം തങ്ങളും ജെപിസിയുടെ ഭാഗമാകില്ലെന്നു കോണ്‍ഗ്രസ് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമായാണു കേന്ദ്രമന്ത്രിയെ വിവരം അറിയിച്ചത്. എസ്പി, ഡിഎംകെ, ഇടതുപാർട്ടികൾ തുടങ്ങിവർ യോജിച്ച നിലപാടിലാണ്. ടിഎംസി, ശിവസേന (യുബിടി), എഎപി തുടങ്ങിയ പാർട്ടികൾ ജെപിസി ബഹിഷ്കരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സർക്കാരിനു തിരിച്ചടി
സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിക്കുന്നതു സർക്കാരിനു തിരിച്ചടിയാണ്. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷവും ഏകകണ്ഠമായി കമ്മിറ്റി ബഹിഷ്കരിക്കാൻ തീരുമാനിച്ചെങ്കിലും ഭരണകക്ഷി അംഗങ്ങളോടൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി ജെപിസി രൂപീകരിക്കാനാണു കേന്ദ്രസർക്കാർ നീക്കം.
മൂന്നു ബില്ലുകൾ പരിശോധിക്കുന്നതിനുള്ള പാർലമെന്റിന്റെ സംയുക്ത സമിതി ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും തനിക്കു കത്തെഴുതിയിട്ടില്ലെന്നു ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെപിസിയിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടെന്നുള്ള തീരുമാനം പാർമെന്ററികാര്യ മന്ത്രിയെ കോണ്‍ഗ്രസ് അറിയിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ വിവാദമായ മൂന്നു ബില്ലുകൾ അവതരിപ്പിച്ചത്. 130-ാം ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയാണിത്.
ഗുരുതരമായ കുറ്റങ്ങൾ ചുമത്തി തുടർച്ചയായി 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെയും നീക്കം ചെയ്യാൻ നിർദിഷ്ട നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നു ബില്ലുകളും ജെപിസിയുടെ പരിഗണനയ്ക്കു വിടുമെന്ന് അന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
വിവാദ ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്ന് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും എഎപിയും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ വ്യാജകേസുകളിൽ ജയിലിലടയ്ക്കാനാണു ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നു നേതാക്കൾ പറഞ്ഞു.