തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം: അടുത്ത മാസം 11ന് വാദം
Wednesday, October 15, 2025 2:21 AM IST
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന പാനലിൽ നിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമം പാസാക്കിയതിനെതിരെയുള്ള ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും. 2023ൽ നിയമം പാസാക്കിയതിനുശേഷമുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന് മുന്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരുന്നത്. സമയക്കുറവ് നിമിത്തം ബന്ധപ്പെട്ട ഹർജി നേരത്തേ പരിഗണിക്കാൻ സാധിച്ചിരുന്നില്ല. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഇക്കാര്യം ബെഞ്ചിന് മുന്നിൽ പരാമർശിച്ചപ്പോഴാണ് ഹർജി നവംബറിൽ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
തങ്ങളുടെ വാദം ഉന്നയിക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ആവശ്യമാണെന്നും അതിനാൽ ഒരു ദിവസം ഈ വിഷയം മാത്രം പരിഗണിക്കണമെന്നുമാണ് പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ആവശ്യം. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിക്കുന്നതിനുമുന്പ് കേസിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിരമിക്കുന്നതിന് ഒരാഴ്ച മുന്പ് ഹർജി ലിസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, അന്ന് കേസ് പരിഗണിക്കാതെ ഫെബ്രുവരി 19ലേയ്ക്ക് മാറ്റി. ഫെബ്രുവരി 17ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ പാനൽ നിയമിച്ചു. കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെ ഈ നിയമനത്തിനെതിരേ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് കൈമാറിയെങ്കിലും നിയമനം പ്രാബല്യത്തിൽ വന്നു.