ഡൽഹിയിൽ വിദ്യാർഥിനിക്കു നേരേ കാന്പസിൽ ലൈംഗികാതിക്രമം
Wednesday, October 15, 2025 2:21 AM IST
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ വിദ്യാർഥിനിക്കു നേരേ ലൈംഗികാതിക്രമം. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ (എസ്എയു) ഒരു വിദ്യാർഥിനിക്ക് നേരേ കാന്പസിലുണ്ടായിരുന്ന നാലുപേർ ചേർന്നാണ് ലൈംഗികാതിക്രമം നടത്തിയത്.
അക്രമികൾ തന്റെ വസ്ത്രങ്ങൾ കീറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാന്പസിനുള്ളിൽ നിർമാണപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിനു സമീപമാണ് അക്രമം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്എയുവിൽനിന്ന് കാണാതായ വിദ്യാർഥിനിയെ കാന്പസിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്ന് തിങ്കളാഴ്ച വൈകിട്ടാണ് തങ്ങൾക്ക് കോൾ വന്നതെന്ന് സർവകലാശാലയ്ക്കടുത്തുള്ള പോലീസ് സ്റ്റേഷൻ പറഞ്ഞു.
പിന്നീട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കൂട്ട ബലാത്സംഗശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
അതേസമയം, വിദ്യാർഥിനിക്ക് അതിക്രമം നേരിട്ടിട്ടും കോളജ് അധികൃതർ പോലീസിനെ അറിയിക്കാൻ താമസിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ കാന്പസിനുള്ളിൽ പ്രതിഷേധിച്ചു.