അനന്തു അജിയുടെ ആത്മഹത്യ ; ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: ആർഎസ്എസ് നേതാക്കളുടെ ലൈംഗികപീഡനത്തെ തുടർന്നാണ് കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ച് ദേശീയ ആസ്ഥാനത്തുനിന്നാരംഭിച്ച് ഏതാനും മീറ്റർ അകലെവച്ച് ഡൽഹി പോലീസ് തടഞ്ഞതോടെ ചെറിയ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
“ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നു” എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടായിരുന്നു അനന്തുവിന്റെ ആത്മഹത്യ. സംഭവം ദേശീയതലത്തിൽ ചർച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശ്രമം. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി ദേശീയ നേതാക്കളടക്കം രംഗത്തുവന്നിരുന്നു.