ബിഹാറിൽ ബിജെപി 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Wednesday, October 15, 2025 2:21 AM IST
പാറ്റ്ന/ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. സ്പീക്കർ നന്ദ് കിഷോർ യാദവിനെ ഒഴിവാക്കി. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഒരു ദശകത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നതാണ് സവിശേഷത. 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.
ഏഴു തവണ നിയമസഭാംഗമായ സ്പീക്കർ നന്ദ് കിഷോർ യാദവിനു (72) പകരം പാറ്റ്ന സാഹിബ് മണ്ഡലത്തിൽ സഞ്ജയ് ഗുപ്തയെ സ്ഥാനാർഥിയാക്കി. താരാപുർ മണ്ഡലത്തിലാണ് സമ്രാട്ട് ചൗധരി മത്സരിക്കുക. 2010ൽ ഇദ്ദേഹം പർബട്ടയിൽ ആർജെഡി ടിക്കറ്റിൽ വിജയിച്ചിരുന്നു. മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ്കുമാർ സിൻഹ സിറ്റിംഗ് സീറ്റായ ലഖിസരായിയിൽ വീണ്ടും ജനവിധി തേടും.
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ആരോഗ്യ, നിയമമന്ത്രി മംഗൾ പാണ്ഡെ സിവാനിൽ ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി രാം കൃപാൽ യാദവ് ദാനാപുരിൽ സ്ഥാനാർഥിയാണ്. പ്രമുഖ ആർജെഡി നേതാവ് റീത് ലാൽ യാദവിന്റെ സിറ്റിംഗ് സീറ്റാണിത്.
ഒന്പത് വനിതകൾ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി. 2020ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച സിദ്ധാർഥ് സൗരവിനെ അതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാക്കി. മുൻ ജെഡി-യു എംപി സുനിൽകുമാർ പിന്റുവിന് സീതാമർഹി സീറ്റ് നല്കി. കലാ, സാംസ്കാരിക മന്ത്രിയായ മോത്തിലാൽ പ്രസാദിനു ബിജെപി സീറ്റ് നിഷേധിച്ചു.