കന്നുകാലി കടത്തുകാരെന്ന് സംശയിക്കപ്പെടുന്ന മൂന്നു ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു
Thursday, October 16, 2025 2:49 AM IST
അഗർത്തല: കന്നുകാലി കടത്തുകാരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ ത്രിപുരയിൽ കൊല്ലപ്പെട്ടു. പ്രദേശവാസികളുമായുള്ള സംഘർഷത്തിലാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
നാട്ടുകാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഖോവൈ ജില്ലയിലെ അതിർത്തിപ്രദേശത്താണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പകൽ 11.30ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കു സമീപം കന്നുകാലി കടത്തുകാരെന്നു തോന്നിക്കുന്ന സംഘത്തെ പ്രദേശവാസികൾ കണ്ടു.
ചോദ്യം ചെയ്തപ്പോൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഇവർ ഗ്രാമീണരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ജനക്കൂട്ടം ഇവരെ പിന്തുടർന്ന് പിടികൂടി മർദിക്കുകയുമായിരുന്നു. മൂന്നു പേർ മരിച്ചപ്പോൾ മറ്റ് ചിലർ രക്ഷപ്പെട്ടെന്നും പ്രദേശത്തെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും പോലീസ് പറഞ്ഞു.