ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്കരിച്ചു
Thursday, October 16, 2025 2:51 AM IST
ചണ്ഡിഗഡ്: ജാതി അധിക്ഷേപത്തെത്തുടർന്ന് ജീവനൊടുക്കിയ ദളിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
എട്ടു ദിവസത്തെ തർക്കത്തിനൊടുവിലാണ് ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥൻ വൈ. പുരൻ കുമാറിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്തത്. ജാതി അധിക്ഷേപം ആരോപിച്ച് പുരൻ കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
പുരൻ കുമാറിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് സമ്മതം നൽകിയിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ഇന്നലെയാണ് ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാർ അനുമതി നൽകിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം അംനീതും രണ്ടു പെൺമക്കളുമാണു പുരൻ കുമാറിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. നീതിയുക്തമായ അന്വേഷണം നടത്തുമെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും ഹരിയാന സർക്കാരിന്റെ ഉറപ്പ് ലഭിച്ചതായി അംനീത് പറഞ്ഞു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ബാലിസ്റ്റിക്, ടോക്സിക്കോളജി (വിഷചികിത്സ), ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ജുഡീഷറിയിലും പോലീസിലും പൂർണവിശ്വാസമുണ്ടെന്നും അന്വേഷണം നിഷ്പക്ഷമായും സമയബന്ധിതമായും നടക്കുമെന്നും സത്യം പുറത്തുവരുമെന്നും ആത്മാർഥമായി പ്രതീക്ഷിക്കുന്നതായി അമ്നീത് പറഞ്ഞു.
പുരൻ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിന് അനുമതി തേടി ചണ്ഡിഗഡ് പോലീസ് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പോലീസിന്റെ അപേക്ഷയിൽ, ഇന്നലെ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പുരൻ കുമാറിന്റെ ഭാര്യക്ക് കോടതി നോട്ടീസയച്ചിരുന്നു. മറുപടി നൽകാത്ത പക്ഷം കോടതി തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.
ഐജി വൈ. പുരൻ കുമാർ ഈ മാസം ഏഴിനാണ് സ്വയം വെടിവച്ചു മരിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പുരൻ കുമാർ ആക്ഷേപം ഉന്നയിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുംവരെ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകില്ലെന്ന് അമ്നീത് നിലപാടെടുത്തതോടെ പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ലിരുന്നില്ല.
പുരൻ കുമാറിന്റെ മരണത്തിൽ അന്വേഷണത്തിനായി ആറ് അംഗ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഡിജിപി കപൂർ, റോഹ്തക് എസ്പി ബിജാർനിയ എന്നിവരുൾപ്പെടെ എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേയാണ് ജാതി അധിക്ഷേപ ആരോപണം പുരൻകുമാർ ഉന്നയിച്ചത്.