ബിഹാറിൽ ജെഡി-യു 57 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Thursday, October 16, 2025 2:51 AM IST
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥിപ്പട്ടിക ജെഡി-യു പ്രഖ്യാപിച്ചു. വിജയ്കുമാർ ചൗധരി, ശ്രാവൺകുമാർ, മദൻ സാഹ്നി, രത്നേഷ് സാദ, മഹേശ്വർ ഹസാരി എന്നീ മന്ത്രിമാരുൾപ്പെടെ 57 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ആർജെഡി വിട്ട് ജെഡി-യുവിൽ ചേർന്ന ശ്യാം രജക്, കൊടും കുറ്റവാളിയായ രാഷ്ട്രീയ നേതാവ് അനന്ത്കുമാർ സിംഗ്, ജെഡി-യു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ എന്നിവരും സ്ഥാനാർഥികളാണ്. 110 സീറ്റിലാണ് ജെഡി-യു മത്സരിക്കുക.
ബിജെപി രണ്ടാം പട്ടിക പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബിഹാറിലെ 12 സ്ഥാനാർഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. പ്രശസ്ത ഗായിക മൈഥിലി ഠാക്കൂർ അലിനഗറിൽ മത്സരിക്കും. മുൻ ഐപിഎസ് ഓഫീസർ ആനന്ദ് മിശ്ര ബക്സറിൽ ജനവിധി തേടും. കഴിഞ്ഞ ദിവസം ബിജെപി 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.
മത്സരിക്കാനില്ല: പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. പാർട്ടിതാത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നു പ്രശാന്ത് കിഷോർ പറഞ്ഞു.
ആർജെഡി നേതാവ് തേജസ്വി യാദവ് ജനവിധി തേടുന്ന രഘോപുരിൽ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. രഘോപുരിൽ ജെഎസ്പി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിഹാറിൽ എൻഡിഎയുടെ തോൽവി ഉറപ്പെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. 25 സീറ്റിൽ വിജയിക്കാൻപോലും ജെഡി-യു കഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തേജസ്വി പത്രിക നൽകി
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവ് ഇന്നലെ രഘോപുർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ തേജസ്വി രഘോപുരിൽ ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്.
തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുന്പ് പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് വൈശാലി ജില്ലയിലെ രഘോപുർ. പത്രിക സമർപ്പണത്തിന് ലാലു, റാബ്റി ദേവി, മിസാ ഭാരതി തുടങ്ങിയവരും എത്തിയിരുന്നു.
അതൃപ്തി പരസ്യമാക്കി ഉപേന്ദ്ര കുശ്വാഹ
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) തലവൻ ഉപേന്ദ്ര കുശ്വാഹ. ആറു സീറ്റാണ് ആർഎൽഎമ്മിന് അനുവദിച്ചിട്ടുള്ളത്. മഹുവ സീറ്റ് എൽജെപിക്ക് നല്കിയതിലും കുശ്വാഹയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. കുശ്വാഹയെ അനുനയിപ്പിക്കാനുള്ള ബിഹാറിലെ ബിജെപി നേതാക്കളുടെ ശ്രമം വിജയം കണ്ടില്ല.