എണ്ണ ഇറക്കുമതി: ഇന്ത്യൻ വിപണി റഷ്യ തിരിച്ചുപിടിച്ചു
Monday, May 5, 2025 12:55 AM IST
മുംബൈ: യുറൽസ് എണ്ണ വിലയിൽ കുറവുവരുത്തിയതോടെ ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ ഉയർന്നു. ഇതോടെ റഷ്യക്ക് ഇന്ത്യയിലെ വിപണി വിഹിതം തിരിച്ചുപിടിക്കാനായി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് ഉയർന്നതോടെ റഷ്യക്ക് ഇന്ത്യൻ വിപണി വിഹിതം ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം റഷ്യയിൽനിന്ന് ഇന്ത്യയുടെ ഇറക്കുമതി 40 ശതമാനത്തിനടുത്തെത്തി.
ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും വഹിക്കുന്ന മീഡിയം സോർ ഗ്രേഡിന്റെ കയറ്റുമതി 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മാർച്ചിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്.
കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.95 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു. ഇതിൽ യുറൽസ് വിഹിതം 79 ശതമാനവും, സിപിസി റഷ്യ (9 ശതമാനം), ഇഎസ്പിഒ (5.2 ശതമാനം), സോക്കോൾ (2.1 ശതമാനം), വരാൻഡെ (1.3 ശതമാനം) എന്നിവയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.