പ്രണവ് അദാനി ഇൻസൈഡർ ട്രേഡിംഗ് നടത്തിയെന്ന് സെബി
Saturday, May 3, 2025 1:23 AM IST
മുംബൈ: അദാനി ഗ്രൂപ്പ് കന്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനി ഇൻസൈഡർ ട്രേഡിംഗ് തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഒരു കന്പനിയുടെ വികസനത്തെക്കുറിച്ചോ അതിന്റെ ഉള്ളിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ നേരത്തേ അറിയാൻ കഴിഞ്ഞാൽ ആ കന്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാൻ സാധിക്കും. പൊതുജനങ്ങൾക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങൾ ഉപയോഗിച്ചു കന്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ ഓഹരികൾ വാങ്ങിക്കൂട്ടുന്നതിനെയാണ് ഇൻസൈഡർ ട്രേഡിംഗ് എന്നു പറയുന്നത്.
അദാനി ഗ്രീൻ 2021ൽ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എസ്ബി എനർജി ഹോൾഡിംഗ്സ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കരാർ പ്രഖ്യാപിക്കുന്നതിന് മുന്പ് പ്രണവ് അദാനി തന്റെ ഭാര്യാസഹോദരനുമായി പങ്കുവച്ചതായി സെബി ആരോപിച്ചു.
പ്രണവ് അദാനി ‘എസ്ബി എനർജി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാത്ത വില സെൻസിറ്റീവ് ഇൻഫർമേഷൻ (യുപിഎസ്ഐ) തന്റെ സഹോദരീഭർത്താവായ കുനാൽ ഷായ്ക്ക് കൈമാറി’ എന്നും 2021ൽ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും സെബി രേഖയിൽ പറയുന്നു.
ഇങ്ങനെ ലഭിച്ച വിവരങ്ങളിലൂടെ കുനാൽ ഷായും സഹോദരൻ നൃപാൽ ഷായും അദാനി ഗ്രീനിന്റെ ഓഹരികളിൽ വ്യാപാരം നടത്തി 90 ലക്ഷം രൂപയുടെ ‘അനധികൃത ലാഭം’ നേടിയെന്ന് സെബിയുടെ രേഖകളിൽ പറയുന്നു. ഇവരുടെ കോൾ റിക്കാർഡുകളും വ്യാപാര രീതികളും അന്വേഷണത്തിൽ പരിശോധിച്ചു. എന്നാൽ ഇത്തരം ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ഷാ സഹോദരന്മാർ പ്രസ്താവനയിൽ പറഞ്ഞു.
റോയിട്ടേഴ്സിന് അയച്ച മറുപടിയിൽ, ‘ആരോപണങ്ങൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാതെ, വിഷയം അവസാനിപ്പിക്കാൻ ‘താൻ ശ്രമിക്കുന്നുണ്ടെന്നും താൻ ഒരു സെക്യൂരിറ്റീസ് നിയമവും ലംഘിച്ചിട്ടില്ല’ എന്നും പ്രണവ് അദാനി പറഞ്ഞു.
2021 മേയ് 17ന് 3.5 ബില്യണ് ഡോളറിന്റെ മൂല്യത്തിൽ അദാനി ഗ്രീൻ എസ്ബി എനർജി ഏറ്റെടുത്തത് ഇന്ത്യയിലെ ഇതുവരെയുള്ള പുനരുപയോഗ ഉൗർജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ്. 2021 മേയ് 16ന് കരാർ അന്തിമമാകുന്നതിന് രണ്ട്-മൂന്ന് ദിവസം മുന്പാണ് പ്രണവ് അദാനി ഏറ്റെടുക്കലിനെക്കുറിച്ച് അറിഞ്ഞതെന്നും സെബി പറഞ്ഞു.