സ്കൈപ്പിനു വിട
Sunday, May 4, 2025 12:20 AM IST
ന്യൂയോർക്ക്: വർഷങ്ങളുടെ വിശ്വസ്ത സേവനത്തിനുശേഷം മൈക്രോസോഫ്റ്റ് തങ്ങളുടെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോം ‘സ്കൈപ്പി’ന്റെ പ്രവർത്തനം മേയ് അഞ്ചിന് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഏതാനും മാസം മുന്‍പാണ് സ്കൈപ് നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സകൈപ്പിനു പകരം മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ ഉപാധിയായ മൈക്രോസോഫ്റ്റ് ടീംസ് എത്തും.
2003 ലാണ് മൈക്രോസോഫ്റ്റ് സ്കൈപ് ആരംഭിക്കുന്നത്. ഡാനിഷ് സോഫ്റ്റവേർ ഡെവലപ്പർ ജാനസ് ഫ്രൈസും സ്വീഡിഷ് ഡെവലപ്പർ നികളാസ് സെൻസ്ട്രോമും ചേർന്നാണ് ഈ വീഡിയോ പ്ലാറ്റ്ഫോം ആരംഭിച്ചത്. അക്കാലത്ത് ഏറ്റവും ജനപ്രിയമായ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നായിരുന്നു സ്കൈപ്. രണ്ട് പതിറ്റാണ്ടിലേറെ മേധാവിത്വം പുലർത്തിയ സ്കൈപ് പിന്നീട് വന്ന മറ്റ് വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളോട് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടി.
അതേസമയം, നിലവിൽ തങ്ങളുടെ ആശയവിനിമയ പ്ലാറ്റ്ഫോമുകൾ ആധുനിക കാലത്തിനനുസരിച്ച് ഏകീകരിക്കുന്നതിലാണ് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച അനുഭവം നൽകാനായി തങ്ങളുടെ എല്ലാ ആശയവിനിമയ സാങ്കേതികവിദ്യകളും ഒരു കുടക്കീഴിലാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് സ്കൈപ്പും നിർത്തലാക്കുന്നത്.
തങ്ങളുടെ ആധുനിക ആശയവിനിമയ സംവിധാനമായ മൈക്രോസോഫ്റ്റ് ടീംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്കൈപ് നിർത്തലാക്കുന്നു എന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. സ്കൈപ് ഉപയോക്താക്കളോട് മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൈപ്പിൽനിന്ന് മൈക്രോസോഫ്റ്റ് ടീമിലേക്ക് സുഗമമായി മൈഗ്രേറ്റ് ചെയ്യാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ മാറ്റം സൗജന്യവും പണം അടച്ചുമുള്ള സ്കൈപ് വരിക്കാരെയാണ് കൂടുതൽ ബാധിക്കുക. എന്നാൽ, സ്കൈപ് ഫോർ ബിസിനസ് വരിക്കാരെ ബാധിക്കില്ല.
പുതിയ ഉപഭോക്താക്കൾക്ക് പണമടച്ചുള്ള എല്ലാ സ്കൈപ് സേവനങ്ങളും നിർത്തലാക്കും. അതേസമയം നിലവിലെ സബ്സ്ക്രൈബേഴ്സിന് അടുത്ത പുതുക്കൽ സമയം ആകുന്നതുവരെ നിലവിലുള്ള ക്രെഡിറ്റും സബ്സ്ക്രിപ്ഷനുകളും ഉപയോഗിക്കുന്നത് തുടരാം. സ്കൈപ് നിർത്തലാക്കിയാലും ശേഷിക്കുന്ന സ്കൈപ് ക്രെഡിറ്റ് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പണമടച്ച ഉപയോക്താക്കൾക്ക് സ്കൈപ് വെബ് പോർട്ടൽ വഴിയോ മൈക്രോസോഫ്റ്റ് ടീംസ് വഴിയോ സ്കൈപ് ഡയൽ പാഡിലേക്കുള്ള ആക്സസ് നിലനിർത്തും. എന്നാൽ, സബ്സ്ക്രിപ്ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അപ്രത്യക്ഷമാകും.
സ്കൈപ്പിൽനിന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക്
സ്കൈപ്പിൽനിന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക് എളുപ്പത്തിൽ മൈഗ്രേറ്റ് ചെയ്യാനാകുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള സ്കൈപ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും. സൈൻ ഇൻ ചെയ്യുന്പോൾ, എല്ലാ കോണ്ടാക്റ്റുകളും സന്ദേശങ്ങളും സംഭാഷണങ്ങളും മൈക്രോസോഫ്റ്റ് ടീംസിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.
ചുരുക്കിപ്പറഞ്ഞാൽ സ്കൈപ്പിൽ നിർത്തിയ ഇടത്തുനിന്ന് മൈക്രോസോഫ്റ്റ് ടീംസ് തുടരാൻ സാധിക്കും. രണ്ട് പ്ലാറ്റ്ഫോമുകളിലും വണ്‍-ഓണ്‍-വണ്‍, ഗ്രൂപ്പ് കോളുകൾ, മെസേജിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങി സമാനമായ എന്നാൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളുണ്ട്.