അമേരിക്കയിലേക്കുള്ള ഐ ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കുമെന്ന് ആപ്പിൾ സിഇഒ
Saturday, May 3, 2025 1:23 AM IST
ന്യൂഡൽഹി: ജൂണ്‍ പാദത്തിൽ അമേരിക്കൻ വ്യാപാരത്തിലേക്കുള്ള ഐ ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ചൈനയിൽനിന്നുള്ള ഇറക്കുമതി തീരുവ ഇന്ത്യയിലേതിനും അധികമായതിനാലാണ് ഐ ഫോണ്‍ ഉത്പാദനം ഇന്ത്യയിൽ കേന്ദ്രീകരിക്കുന്നതെന്ന് കുക്ക് വ്യക്തമാക്കി.
നിലവിൽ ചൈനയും വിയറ്റ്നാമും ഇന്ത്യയും ആപ്പിൾ ഉത്പന്നങ്ങൾ ധാരാളമായി നിർമിക്കുന്നുണ്ട്. ട്രംപ് ചൈനക്കുമേൽ പ്രഖ്യാപിച്ച ഉയർന്ന തീരുവ തിരിച്ചടിയാകുമെന്ന് കണ്ടാണ് ആപ്പിൾ തങ്ങളുടെ ആഗോള വിതരണ ശൃംഖലയിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്.
ജൂണ്‍ പാദത്തിൽ അമേരിക്കയിലേക്കുള്ള ഐഫോണുകളുടെ ’ഉത്ഭവ രാജ്യം’ ഇന്ത്യയാകുന്പോൾ അമേരിക്കയിലേക്കുള്ള ഭൂരിഭാഗം ഐ-പാഡുകളും മാക് കംപ്യൂട്ടറുകളും ആപ്പിൾ വാച്ചുകളും എയർ പോഡുകളും വിയറ്റ്നാമിൽ നിർമിക്കുമെന്ന് കുക്ക് പറഞ്ഞു. എന്നാൽ അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽതന്നെ നിർമിക്കുമെന്ന് കുക്ക് വ്യക്തമാക്കി.
അമേരിക്കയിലേക്കെത്തുന്ന ചൈന നിർമിത ഉത്പന്നങ്ങൾക്ക് ഇപ്പോൾതന്നെ 20 ശതമാനം ഇറക്കുമതി തീരുവയുണ്ട്. ഇതിനോടൊപ്പംതന്നെ ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ മൂലം ചില ഉത്പന്ന വിഭാഗങ്ങളുടെ തീരുവ 145 ശതമാനമെങ്കിലും വരും.
വെല്ലുവിളി മനസിലാക്കി ആപ്പിൾ കളം മാറ്റിച്ചവിട്ടാൻ ശ്രമിക്കുന്പോൾ അവസരം മുതലാക്കാൻ തന്നെയാണ് ഇന്ത്യയുടെയും നീക്കം. ഈ വർഷം മാർച്ചിൽ മാത്രം ഇന്ത്യ 31 ലക്ഷത്തിലധികം ഐ ഫോണുകളാണ് കയറ്റിയയച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ചു 219 ശതമാനം വർധനവാണിത്.
മാർച്ചിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത ഐ ഫോണുകളുടെ 97.6 ശതമാനവും അമേരിക്കയിലേക്കാണ് പോയത്. ട്രംപ് ഇന്ത്യക്കു മേൽ പ്രഖ്യാപിച്ച തീരുവകൾ നടപ്പിലാകുന്നതിനു മുന്നേ ഐ ഫോണുകൾ അമേരിക്കയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്.
ഇന്ത്യയിൽ ഐ ഫോണ്‍ നിർമിക്കുന്പോൾ ഉത്പാദന ചെലവ് കുറവെന്നതും ഇന്ത്യക്കു മുൻ തൂക്കമാണ്. ചൈനയിൽ ഐ ഫോണുകൾ സംയോജിക്കുന്പോൾ 938 ഡോളർ ചെലവാകുന്പോൾ ഇന്ത്യയിലത് 1008 ഡോളറാണ്. ചൈനയുടെ ഇറക്കുമതി തീരുവകൾ വെല്ലുവിളിയായി പരിഗണിച്ചു അമേരിക്കയിൽ ഉത്പാദനം തുടങ്ങാൻ ആപ്പിൾ തീരുമാനിച്ചാൽ ഐ ഫോണുകളുടെ വിലയിൽ 30 ശതമാനം വർധനയുണ്ടാകും. എന്നാൽ ഉത്പാദന ചെലവ് ചൈനയേക്കാൾ രണ്ട് ശതമാനം മാത്രമധികമുള്ള ഇന്ത്യയിൽ ഫോണ്‍ നിർമിച്ചു അമേരിക്കയിലേക്ക് കയറ്റുമതി ചെയ്താൽ താരതമ്യേന കുറഞ്ഞ ഇറക്കുമതി തീരുവകൊണ്ട് വിലയും പിടിച്ചുനിർത്താം.
2026-ഓടെ അമേരിക്കയിലേക്കുള്ള ഐ ഫോണുകളുടെ സംയോജനം പൂർണമായും ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.