ഇസ്രേലി വിമാനത്താവളത്തിനു സമീപം ഹൂതി മിസൈൽ ആക്രമണം
Monday, May 5, 2025 3:55 AM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിനു സമീപം പതിച്ചു. ടെൽ അവീവ് നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലിലെ മുഖ്യ വിമാനത്താവളത്തിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. എട്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോർട്ട്.
വിമാനത്താവളത്തിലെ ടെർമിനലിനോടു ചേർന്നുള്ള റോഡിലാണ് മിസൈൽ പതിച്ചത്. മീറ്ററുകൾ ആഴമുള്ള ഗർത്തം റോഡിലുണ്ടായി. ടെർമിനലിലെ യാത്രക്കാരും റോഡിലെ വാഹനങ്ങളിലുണ്ടായിരുന്നവരും പരിഭ്രാന്തരായി സുരക്ഷിതസ്ഥലം അന്വേഷിച്ച് പരക്കംപാഞ്ഞു.
ശക്തമായ വ്യോമപ്രതിരോധ സംവിധാനമുള്ള ഇസ്രയേലിൽ മിസൈൽ പതിച്ചതിൽ അന്വേഷണം ആരംഭിച്ചു. മിസൈൽ പതിക്കുന്നതിനു മിനിറ്റുകൾക്കു മുന്പ് മുന്നറിയിപ്പു സൈറൻ മുഴങ്ങിയിരുന്നു.
ആക്രമണത്തെത്തുടർന്ന് താത്കാലികമായി തടസപ്പെട്ട വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകാതെ പുനരാരംഭിച്ചുവെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യ, ജർമനിയിലെ ലുഫ്താൻസ തുടങ്ങിയ എയർലൈൻസുകളുടെ സർവീസുകൾ റദ്ദാക്കപ്പെട്ടു.
ഇസ്രേലി വിമാനത്താവളങ്ങൾ ഇനി സുരക്ഷിതമല്ലെന്നു ഹൂതി വക്താവ് യഹ്യ സാരീ പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവർക്ക് എഴു മടങ്ങ് തിരിച്ചടി നല്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നല്കി.
അമേരിക്കൻ സേന യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രേലി വിമാനത്താവളത്തിലേക്ക് ഹൂതികൾ മിസൈൽ അയച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന ഹൂതികൾ ഇസ്രയേലിനും ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കും നേർക്ക് മിസൈലുകൾ പ്രയോഗിക്കാറുണ്ട്.