വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് 50 വർഷം; ആഘോഷമാക്കി ജനവും സർക്കാരും
Thursday, May 1, 2025 12:34 AM IST
ഹോചിമിൻ സിറ്റി: വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ 50-ാം വാർഷികം വിയറ്റ്നാം ജനത ആഘോഷപൂർവം കൊണ്ടാടി. ഹോചിമിൻ നഗരത്തിൽ ഇന്നലെ വന്പൻ സൈനിക പരേഡോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്.
ആയിരക്കണക്കിനു പട്ടാളക്കാർ മാർച്ച് ചെയ്ത പരേഡിൽ റഷ്യൻ നിർമിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശിപ്പിച്ചു. സമാധാനം, ഐക്യം, വികസനം എന്നീ സങ്കൽപ്പങ്ങളിലൂന്നിയ രാജ്യമായി തുടരുമെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം പ്രഖ്യാപിച്ചു.
കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വടക്കൻ വിയറ്റ്നാമും അമേരിക്കൻ പിന്തുണയുള്ള തെക്കൻ വിയറ്റ്നാമും തമ്മിൽ രണ്ടു പതിറ്റാണ്ടാണ് യുദ്ധം ചെയ്തത്. കമ്യൂണിസ്റ്റ് വിയറ്റ്നാം സേന 1975 ഏപ്രിൽ 30ന് തെക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ (ഇപ്പോഴത്തെ ഹോചിമിൻ സിറ്റി) പിടിച്ചെടുത്തതോടെയാണ് യുദ്ധം അവസാനിച്ചത്. രണ്ടു വർഷത്തിനകം രാജ്യത്തിന്റെ ഏകീകരണം പൂർത്തിയായി. യുദ്ധത്തിൽ 60,000 അമേരിക്കക്കാർ അടക്കം 30 ലക്ഷം പേർ കൊല്ലപ്പെട്ടു.
വിയറ്റ്നാം ഇപ്പോൾ അമേരിക്കയുടെ പ്രധാന വാണിജ്യ പങ്കാളികളിലൊന്നാണ്. 1995ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലായത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 2023ൽ വിയറ്റ്നാം സന്ദർശിച്ചതോടെ ബന്ധം സുദൃഢമായി.
വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ ആഘോഷത്തിൽ ഹോചിമിൻ സിറ്റിയിലെ അമേരിക്കൻ കോൺസൽ ജനറൽ സൂസൻ ബേൺസ് പങ്കെടുത്തു.