സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി നിലച്ചു
Tuesday, April 29, 2025 1:13 AM IST
ലിസ്ബൺ: പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങളിൽ ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് വൻ പരിഭ്രാന്തിക്കിടയാക്കി.
വിമാനങ്ങളും ട്രെയിനുകളും അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ പ്രതിസന്ധി ബാധിച്ചു. ട്രാഫിക് ലൈറ്റുകൾ കത്താതിരുന്നത് വാഹനക്കുരുക്കിനിടയാക്കി.
അൻഡോറ എന്ന കുഞ്ഞൻ രാജ്യത്തും ഫ്രാൻസിന്റെ ചില ഭാഗങ്ങളിലും വൈദ്യുതി ഇല്ലാതായി. പ്രതിസന്ധിയുടെ കാരണം വ്യക്തമല്ല.
സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ആറു മുതൽ പത്തു വരെ മണിക്കൂർ എടുക്കുമെന്ന് സ്പെയിനിലെ വൈദ്യുതിവിതരണ ഏജൻസിയായ റെഡ് ഇലക്ട്രിക്ക അറിയിച്ചു.
സ്പെയിനിലെയും പോർച്ചുഗലിലെയും പ്രതിനിധികൾ ഇന്നലെ അടിയന്തരമായി കൂടിക്കാഴ്ച നടത്തി പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് റെഡ് ഇലക്ട്രിക്കയുടെ കൺട്രോൾ സെന്റർ സന്ദർശിച്ചു.