റഷ്യയെയും ഉത്തരകൊറിയയെയും റോഡ് മാർഗം ബന്ധിപ്പിക്കാൻ പാലം
Thursday, May 1, 2025 12:34 AM IST
മോസ്കോ: റഷ്യയെയും ഉത്തരകൊറിയയെയും റോഡ് വഴി ബന്ധിപ്പിക്കാനായി പാലംപണി തുടങ്ങി. ഇരു രാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള റ്റൂമൻ നദിക്കു കുറുകേയാണു പാലം.
പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിൻ പങ്കെടുത്തു. രാജ്യങ്ങൾ തമ്മിലുള്ള തന്ത്രബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഈ പാലമെന്ന് അദ്ദേഹം പറഞ്ഞു.
1959ൽ കൊറിയൻ യുദ്ധം അവസാനിച്ചതിനു പിന്നാലെ റ്റൂമൻ നദിക്കു കുറുകേ റഷ്യയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ് ബ്രിജ്’ എന്നൊരു റെയിൽപ്പാലം പണിതിരുന്നു. ഇതിന്റെ സമീപത്താണു പുതിയ പാലം.
850 മീറ്റർ നീളമുള്ള പാലം അടുത്തവർഷം തുറന്നുകൊടുക്കാനാണ് പദ്ധതി. വ്യാപാരവും നിക്ഷേപവും ചരക്കുകടത്തുമെല്ലാം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.