സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
Wednesday, April 30, 2025 12:52 AM IST
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചു. വൻ പരിഭ്രാന്തിക്കിടയാക്കിയ അപ്രതീക്ഷിത സംഭവത്തിന്റെ കാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികൃതർ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
മെട്രോകൾ, വിമാനങ്ങൾ, മൊബൈൽ സർവീസുകൾ, എടിഎമ്മുകൾ എന്നിവയെല്ലാം നിശ്ചലമായ അപ്രതീക്ഷിത വൈദ്യുതി മുടക്കമാണ് ഇന്നലെയോടെ പരിഹരിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ സ്പെയിനിലെ 99 ശതമാനം വൈദ്യുതിയും പുനഃസ്ഥാപിച്ചുവെന്ന് ഇലക്ട്രിസിറ്റി ഒാപ്പറേറ്റർ റെഡ് ഇലക്ട്രിക്ക അറിയിച്ചു. ഇതേസമയം രാജ്യത്തെ 89 സബ്സ്റ്റേഷനുകളും പ്രവർത്തിച്ചുതുടങ്ങിയെന്നും പോർച്ചുഗൽ ഗ്രിഡ് ഓപ്പറേറ്ററും അറിയിച്ചു.
സ്പെയിനിൽ ഇന്നലെ രാവിലെ സ്കൂളുകൾ തുറക്കുകയും ഗതാഗതക്കുരുക്കിന് അയവ് വരികയും ചെയ്തിരുന്നു. ഇത്തരമൊരു അവസ്ഥയിലേക്കു നയിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള അസാധാരണ അന്തരീക്ഷ/കാലാവസ്ഥാ പ്രതിഭാസങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്പെയ്ൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ പ്രതികരിച്ചത്.