ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ നാളെ ചർച്ച
Thursday, May 1, 2025 12:34 AM IST
ടെഹ്റാൻ: ആണവക്കരാർ വിഷയത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ ശക്തികളുമായി വെള്ളിയാഴ്ച ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
യൂറോപ്യൻ ശക്തികളുമായി ബന്ധം മെച്ചപ്പെടുത്തുകകൂടി ലക്ഷ്യമിടുന്ന ചർച്ച ഇറ്റാലിയൻ തലസ്ഥാനമായ റോമിലായിരിക്കും. ചർച്ചയിൽ പങ്കെടുക്കുമെന്നു യൂറോപ്യൻ ശക്തികൾ സ്ഥിരീകരിച്ചു. ഇതിനു ശേഷം ശനിയാഴ്ച റോമിൽ ഇറാനും അമേരിക്കയും തമ്മിൽ നാലാം വട്ട ആണവചർച്ചയും നടക്കുന്നുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ 2015ലുണ്ടാക്കിയ കരാറിൽ യൂറോപ്യൻ ശക്തികളും കക്ഷികളായിരുന്നു. 2018ൽ ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് കരാർ ദുർബലമായത്. ഇപ്പോൾ വീണ്ടും ഇറാനുമായി കരാറുണ്ടാക്കാൻ മുൻകൈ എടുത്തിരിക്കുന്നതും ട്രംപാണ്.