ജർമനിയിലെ എഎഫ്ഡി പാർട്ടി തീവ്ര സംഘടനകളുടെ പട്ടികയിൽ
Saturday, May 3, 2025 1:32 AM IST
ബെർലിൻ: ജർമനിയിലെ കുടിയേറ്റവിരുദ്ധ എഎഫ്ഡി പാർട്ടിയെ തീവ്രനിലപാടുകൾ പുലർത്തുന്ന സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ ബിഎഫ്വി അറിയിച്ചു.
വംശവെറിയും മുസ്ലിംവിരുദ്ധതയും പുലർത്തുന്ന പാർട്ടി ജനാധിപത്യത്തിനു ഭീഷണിയാണെന്നു ബിഎഫ്വിയുടെ 1,100 പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി രണ്ടാം സ്ഥാനം നേടിയ എഎഫ്ഡിക്കു കനത്ത തിരിച്ചടിയാകുന്ന നടപടിയാണിത്.
ഇന്റലിജൻസ് ഏജൻസി നടപടിയോടെ ജർമൻ സർക്കാരിനു പാർട്ടിയെ രഹസ്യമായി നിരീക്ഷിക്കാനും ധനശേഖരണം തടസപ്പെടുത്താനും കഴിയും. ഇന്റലിജൻസ് ഏജൻസി നടപടിയെ എഎഫ്ഡി അപലപിച്ചു.
ഫ്രീഡ്രിക് മെർസ് അടുത്തയാഴ്ച ചാൻസലറായി സ്ഥാനമേൽക്കാനിരിക്കേയാണു പുതിയ നീക്കങ്ങൾ. പാർട്ടിയെ ഉടൻ നിരോധിക്കാൻ ആലോചനയില്ലെന്നു കാവൽ സർക്കാരിനെ നയിക്കുന്ന ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു.
അതേസമയം, പുതിയ നടപടി എഎഫ്ഡിയുടെ ജനപിന്തുണ വർധിപ്പിക്കാനേ ഇടയാക്കൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. പല അഭിപ്രായ സർവേകളിലും പാർട്ടി ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.
2013ൽ യൂറോ വിരുദ്ധ നിലപാടുകളുമായിട്ടാണ് എഎഫ്ഡി രൂപവത്കൃതമായത്. 2015ൽ ജർമനി വൻതോതിൽ കുടിയേറ്റക്കാരെ സ്വീകരിക്കാൻ തീരുമാനിച്ചതോടെ കുടിയേറ്റവിരുദ്ധ പാർട്ടിയായി.