ലോക ഭിന്നശേഷി സമ്മേളനം വത്തിക്കാനിൽ നടന്നു
Saturday, May 3, 2025 1:32 AM IST
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ലോക ഭിന്നശേഷി സമ്മേളനം നടന്നു.
പരിപാടിയിൽ ഇന്ത്യയിലെ ബധിര വിശ്വാസീസമൂഹത്തിന്റെ പ്രതിനിധികളായി കാത്തലിക് ഡഫ് അസോസിയേഷൻ അംഗങ്ങളായ ഐവാൻ ഹിലറി, സുസൈൻ അൽമെയ്ഡ, ലിഡിയ അൽഫോൻസൊ, മെൻഡസ് ഗ്ലോറിയ മരിയ, സണ്ണി വറീത്, ലൂസി ദേവസി, ഫാ. പ്രിയേഷ് കളരിമുറിയിൽ എന്നിവർ പങ്കെടുത്തു.
136 രാജ്യങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാരും അവരുടെ മാതാപിതാക്കൾ, ശുശ്രൂഷകർ എന്നിവർ ത്രിദിന സമ്മേളനത്തിൽ പങ്കുചേർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അഭാവത്തിൽ മോൺ. റിനോ ഫിസിചെല്ലാ വിശുദ്ധ ബലിക്കും സമ്മേളനങ്ങൾക്കും നേതൃത്വം നൽകി.
സമ്മേളനത്തിൽ ഭിന്നശേഷി സൗഹൃദ അന്തരീക്ഷവും ജീവിത മൂല്യവും ഉയർത്തിപ്പിടിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ ആശാ ഹോം പ്രോജക്ട് അവതരിപ്പിക്കുകയും ഡയറക്ടർ ഫാ. റോയി പദ്ധതി വിശദീകരിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ കലാവിരുന്നുകൾ പ്രോഗ്രാമിന് മനോഹാരിത നൽകി.
ജൂബിലി വർഷത്തോടനുബന്ധിച്ച് വിശ്വാസീസമൂഹത്തിനായി തുറന്നിരിക്കുന്ന പ്രത്യാശയുടെ വാതിലിലൂടെ ഭിന്നശേഷി സമൂഹം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രവേശിച്ച് അനുഗ്രഹങ്ങൾ സ്വീകരിച്ചു. റോമിലെ വിവിധ ബസിലിക്കകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇവ ഭിന്നശേഷി സമൂഹം സന്ദർശിച്ചു.