രാജകുടുംബവുമായി രഞ്ജിപ്പിലെത്തണം; വൈകാരിക അഭിമുഖത്തിൽ ഹാരി
Sunday, May 4, 2025 12:20 AM IST
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബവുമായി അനുരഞ്ജനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് ഹാരി രാജകുമാരൻ. ബിബിസിക്കു നല്കിയ അഭിമുഖത്തിലാണ്, ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ ഇളയ മകനായ ഹാരി ഇക്കാര്യം വ്യക്തമാക്കിയത്.
2020ൽ ഹാരിയും ഭാര്യ മെഗൻ മാർക്കിളും രാജകീയ ഉത്തരവാദിത്വങ്ങൾ ഉപേക്ഷിച്ച് അമേരിക്കയിലേക്കു താമസം മാറ്റിയിരുന്നു. ഹാരിയും രാജകുടുംബവും നിലവിൽ വലിയ അകൽച്ചയിലാണ്.
തന്റെ സുരക്ഷ വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി ബ്രിട്ടീഷ് കോടതി തള്ളിയതിനു പിന്നാലെയാണ് ഹാരി ബിബിസിക്ക് അഭിമുഖം നല്‍കിയത്. അഭിമുഖത്തിൽ ഹാരി നടത്തിയ വൈകാരിക വെളിപ്പെടുത്തലുകൾ രാജകുടുംബാംഗങ്ങൾക്കിടയിലെ വിള്ളലിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
പിതാവ് ചാൾസ് തന്നോടു സംസാരിക്കാറില്ലെന്ന് ഹാരി പറഞ്ഞു. കാൻസർ ബാധിതനായ ചാൾസ് ഇനി എത്രനാൾകൂടി ഉണ്ടാകുമെന്നറിയില്ല. മൃതസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനും കേസുകൾ നടത്താനും വേണ്ടി മാത്രമാണ് താൻ ബ്രിട്ടനിലെത്താറ്.
സ്വന്തം കുട്ടികള്‍ക്ക് മാതൃരാജ്യം കാണിച്ചുകൊടുക്കാന്‍ കഴിയാത്തത് വളരെ സങ്കടകരമാണ്. വഴക്ക് തുടരുന്നതിൽ അർഥമില്ല. ജീവിതം വിലപ്പെട്ടതാണ്. കുടുംബവുമായുള്ള അനുരഞ്ജനം ആഗ്രഹിക്കുന്നു. ‘സ്പെയർ’ എന്ന തന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ രാജുകുംബാംഗങ്ങൾക്കു ക്ഷമിക്കാൻ കഴിയുന്നതല്ലെന്നും ഹാരി അംഗീകരിച്ചു.