ഇറാൻ യുറേനിയം സന്പുഷ്ടീകരണം നിർത്തണം: മാർക്കോ റൂബിയോ
Saturday, May 3, 2025 1:32 AM IST
വാഷിംഗ്ടൺ ഡിസി: യുറേനിയം സന്പുഷ്ടീകരണം ഉപേക്ഷിക്കാൻ ഇറാൻ തയാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ന് റോമിൽ നടക്കേണ്ടിയിരുന്ന യുഎസ്-ഇറാൻ നാലാംവട്ട ആണവചർച്ച മാറ്റിവച്ചുവെന്ന അറിയിപ്പിനു പിന്നാലെയാണു റൂബിയോ ഇക്കാര്യം പറഞ്ഞത്.
തീവ്രവാദികളെ പിന്തുണയ്ക്കുന്നതു നിർത്തുക, യെമനിലെ ഹൂതികളെ സഹായിക്കാതിരിക്കുക, ദീർഘദൂര മിസൈൽ വികസിപ്പിക്കുന്നതു നിർത്തുക എന്നീ കാര്യങ്ങളും ഇറാൻ ചെയ്യേണ്ടതുണ്ടെന്നു റൂബിയോ ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.
യുഎസ്-ഇറാൻ ചർച്ച മാറ്റിവച്ചതിന്റെ കാരണം വ്യക്തമല്ല. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
യുറേനിയം സന്പുഷ്ടീകരണവും മിസൈൽ പദ്ധതികളും ഉപേക്ഷിക്കാൻ തയാറല്ലെന്നാണു മുൻ ചർച്ചകളിൽ ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.
യുറേനിയംസന്പുഷ്ടീകരണം സമാധാന ആവശ്യങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുന്നു.
എന്നാൽ, അണ്വായുധം സ്വന്തമാക്കാനാണ് ഇറാന്റെ ശ്രമമെന്ന് അമേരിക്കയും പാശ്ചാത്യ ശക്തികളും ചൂണ്ടിക്കാട്ടുന്നു.