ആക്രിലോറിയിൽ ചോർച്ച; പഞ്ചറായത് 300 വാഹനങ്ങൾ
Saturday, May 3, 2025 1:32 AM IST
കാൻബറ: ആക്രി കയറ്റിയ ലോറിയിൽനിന്നു ലോഹക്കഷണങ്ങൾ റോഡിൽ വീണതിനെത്തുടർന്ന് പഞ്ചറായത് മുന്നൂറ് വാഹനങ്ങൾ. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിനു വടക്കുഭാഗത്തുള്ള തിരക്കേറിയ എം-വൺ ഹൈവേയിലായിരുന്നു സംഭവം.
30 കിലോമീറ്റർ സഞ്ചരിച്ചശേഷമാണു ചോർച്ചയുള്ളതായി ലോറി ഡ്രൈവർ തിരിച്ചറിഞ്ഞത്. ഇതിനിടെ 750 കിലോഗ്രാം ലോഹക്കഷണങ്ങൾ റോഡിൽ വീണിരുന്നു.
സംഭവത്തെത്തുടർന്ന് റോഡ് വൃത്തിയാക്കാനായി ഗതാഗതം നിർത്തിവച്ചു. കാന്തങ്ങൾ ഉപയോഗിച്ചാണു ലോഹക്കഷണങ്ങൾ ശേഖരിച്ചത്. പത്തു മണിക്കൂറിനുശേഷമാണു ഗതാഗതം പുനഃസ്ഥാപിക്കാനായത്.