ഉജ്വലവിജയം; ഓസ്ട്രേലിയയിൽ ഭരണം നിലനിർത്തി ആൽബനീസ്
Sunday, May 4, 2025 12:20 AM IST
കാൻബറ: ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് വൻ വിജയത്തോടെ ഭരണത്തുടർച്ച. ഇന്നലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ലേബർ പാർട്ടി 150 അംഗ പാർലമെന്റിൽ 86 സീറ്റുകളും സ്വന്തമാക്കി.
ഭൂരിപക്ഷത്തിനു വേണ്ടത് 76 ആയിരുന്നു. ലേബറിനെ നേരിട്ട ലിബറൽ-നാഷണൽ പാർട്ടികളുടെ സഖ്യം 41 സീറ്റുകളിലൊതുക്കി. സഖ്യനേതാവ് പീറ്റർ ഡട്ടൺ ബ്രിസ്ബേനിൽ പരാജയപ്പെട്ടു.
ജീവിതച്ചെലവ്, ആരോഗ്യസുരക്ഷ, വീട് വിലവർധന, മിത്രങ്ങളോട് ശത്രുവിനെപ്പോലെ പെരുമാറുന്ന യുഎസ് പ്രസിഡന്റ് ട്രംപ് തുടങ്ങിയ വിഷയങ്ങൾ മുഴച്ചുനിന്ന തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് ഇടതുപക്ഷ ലേബറുകൾക്കും ആന്റണി ആൽബനീസിനും വൻ നേട്ടമായി.
വിജയം ഉറപ്പാക്കിയതിനു പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ആന്റണി ആൽബനീസ്, സാമൂഹ്യക്ഷേമ പദ്ധതികൾ തുടരുമെന്നു പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ മൂല്യങ്ങൾക്കുവേണ്ടിയാണ് ജനത വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. “ആൽബോ, ആൽബോ, ആൽബോ” എന്നാർപ്പുവിളിച്ചുകൊണ്ടാണ് അനുയായികൾ അദ്ദേഹത്തെ ശ്രവിച്ചത്.
ശിശുസംരക്ഷണച്ചെലവ് ക ുറയ്ക്കുമെന്നും ഭിന്നശേഷി ഇൻഷ്വറൻസ് പദ്ധതിയിൽപ്പെട്ടവർക്ക് കൂടുതൽ ആനുകൂല്യം നല്കുമെന്നും ആൽബനീസ് പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഓസ്ട്രേലിയ തുടരും. പുനരുപയോഗ ഊർജമേഖലയെ വളർത്തും.ഓസ്ട്രേലിയയിലെ ആദിവാസി വിഭാഗങ്ങളുമായുള്ള അനുരഞ്ജന നടപടികൾ സർക്കാർ തുടരും.
അടുത്ത ദിവസം മുതൽ താൻ ജോലി തുടരുമെന്ന് ആൽബനീസ് പറഞ്ഞു. തെരഞ്ഞെടുപ്പുവിജയം പുതിയ ലക്ഷ്യങ്ങളും ആത്മവിശ്വാസവും ദൃഢനിശ്ചയവും സർക്കാരിനു നല്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.