ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന; ഭീഷണിയുമായി വീണ്ടും പാക് പ്രതിരോധമന്ത്രി
Sunday, May 4, 2025 1:31 AM IST
കൊളംബോ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളവർ യാത്രക്കാരിൽ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ചെന്നൈ-കൊളംബോ വിമാനത്തിൽ ശ്രീലങ്കൻ പോലീസ് പരിശോധന നടത്തി.
ചെന്നൈയിൽനിന്ന് ഇന്നലെ 11.59ന് കൊളംബോ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന നടത്തിയത്. ചെന്നൈയിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പരിശോധനയെന്നും ശ്രീലങ്കൻ എയർലൈൻസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ വിമാനത്തിൽ ഉണ്ടെന്നായിരുന്നു സംശയം. വിശദമായ പരിശോധനയിൽ സംശയകരമായ രീതിയിൽ ഒരു യാത്രക്കാരനെയും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ പഹൽഗാം സംഭവത്തിൽ വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി നൽകുമെന്നായിരുന്നു ഖ്വാജ അസീഫിന്റെ ഭീഷണി.
വെള്ളം തടയാനായി നിര്‍മിക്കുന്ന ഡാം ഉൾപ്പെടെ സംവിധാനം പാക്സേന തകർക്കുമെന്നു പറഞ്ഞ അദ്ദേഹം കരാര്‍ മരവിപ്പിച്ചാല്‍ പാക്കിസ്ഥാന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്ടമാകുമെന്നും പ്രതികരിച്ചു.
എന്നാൽ ഇത്തരം ഭീഷണി അയൽരാജ്യത്തിന്റെ ഭീതി വ്യക്തമാക്കുന്നതാണെന്നും പാക് പ്രതിരോധമന്ത്രിക്ക് ഉള്‍പ്പെടെ ഉറക്കം നഷ്ടമായെന്നും ബിജെപി പ്രതികരിച്ചു.