മെഡിക്കൽ കോളജ് തീപിടിത്തം: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാലു മരണവും പുക ശ്വസിച്ചല്ല
Sunday, May 4, 2025 1:31 AM IST
കോഴിക്കോട്: മെഡി.കോളജില്‍ അത്യാഹിത വിഭാഗത്തില്‍ യുപിഎസ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിലെ നാല് മരണവും പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്ന് പേരുടേത് സ്വാഭാവിക മരണമാണെന്നും മറ്റൊരാളുടേത് ശരീരത്തില്‍ വിഷാംശം കലര്ന്നതിനാലാണെന്നുമാണ് പ്രാഥമിക നിഗമനം.
മരിച്ച അഞ്ചുപേരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം നടന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധമെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പുക ശ്വസിച്ചാണോ മരണമുണ്ടായതെന്ന് ഉറപ്പിക്കുന്നതിനായി ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും. ഇതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. വെസ്റ്റ്ഹില്‍ തുപ്പായതൊടി കെ.ഗോപാലന് (67), മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുളിച്ചികോലട മീത്തല്‍ ഗംഗാധരന് (72), വടകര വാളുമ്മല്താഴെ കുനിയില്‍ സുരേന്ദ്രന് (59) എന്നിവരാണ് ഹൃദയാഘാതം മൂലം മരിച്ചത്. അതേസമയം, വയനാട് കോട്ടപ്പടി കൊട്ടത്തറവയല് പാറോല്‍ വീട്ടില്‍ നസീറ (44)യുടെ മരണം വിഷം ഉള്ളില്‍ ചെന്നതിനെത്തുടര്ന്നുണ്ടായതാണെന്നാണ് നിഗമനം. വെസ്റ്റ് ബംഗാള്‍, മാല്‍ഡ സ്വദേശി ഗംഗ ഹല്‍ദാര്‍ (34) ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 7.40നാണ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് തീപിടിത്തമുണ്ടായത്. ഇതിനു പിന്നാലെയാണ് അഞ്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
പുകശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്നാണ് എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ മെഡിക്കല്‍കോളജ് പോലീസും മേപ്പാടി പോലീസും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
യുപിഎസ് പൊട്ടിത്തെറിച്ച സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ വീണാ ജോര്‍ജ് അറിയിച്ചു.