മാർപാപ്പയായി ട്രംപിന്റെ വേഷംകെട്ടൽ; വിമർശനം ശക്തം
Sunday, May 4, 2025 1:31 AM IST
വാഷിംഗ്ടൺ ഡിസി: മാർപാപ്പയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെ മാർപാപ്പയുടെ വേഷം കെട്ടിയിരിക്കുന്ന നിർമിതബുദ്ധി ചിത്രം പുറത്തുവിട്ട യുഎസ് പ്രസിഡന്റ് ട്രംപിനെതിരേ വിമർശനം ശക്തമായി.
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കകം ട്രംപിൽനിന്നുണ്ടായ പ്രവൃത്തി ഫ്രാൻസിസ് മാർപാപ്പയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിനിടെയാണ് തനിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായാൽ കൊള്ളാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെ ട്രംപ് മാർപാപ്പയായി വേഷംകെട്ടിയിരിക്കുന്ന നിർമിതബുദ്ധി ചിത്രം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ടിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്രൈസ്തവ മൂല്യങ്ങൾക്കു യാതൊരു വിലയും കല്പിക്കാത്ത ട്രംപ് ഭരണകൂടത്തിന്റെ നടപടി ലജ്ജാകരമാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു.
ദിവംഗദനായ ഫ്രാൻസിസ് മാർപാപ്പ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളെ നിശിതമായി വിമർശിച്ചിരുന്നു.