ഭീകരബന്ധം സമ്മതിച്ച് ബിലാവൽ ഭൂട്ടോ
Saturday, May 3, 2025 3:26 AM IST
ലണ്ടൻ/ഇസ്ലാമാബാദ്: ഭീകര സംഘടനകളുമായി പാക്കിസ്ഥാന് മുന്പും ബന്ധമുണ്ടായിരുന്നുവെന്നു തുറന്നുസമ്മതിച്ച് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയും. ഇതുമൂലം രാജ്യം ഇപ്പോഴും ഏറെ ബുദ്ധിമുട്ടുകയാണെന്നും പിപിപി നേതാവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ക്വാജ അസീസ് നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്പോഴാണ് ഭീകരബന്ധത്തെക്കുറിച്ച് ബിലാവലും തുറന്നു സമ്മതിച്ചത്.
ഭീകരർക്കു പരിശീലനവും സാന്പത്തിക സഹായവും നൽകിയിരുന്നോ എന്ന ചോദ്യത്തിന് പടിഞ്ഞാറൻ രാജ്യങ്ങൾക്കുവേണ്ടി ദശകങ്ങളോളം വൃത്തികെട്ട ആ ജോലി ചെയ്തിരുന്നുവെന്നാണ് ക്വാജ അസീസ് പറഞ്ഞിരുന്നത്.
ഭീകര സംഘടനകളുമായി പാക്കിസ്ഥാന് ബന്ധമുണ്ട് എന്നതൊരു രഹസ്യമായ കാര്യമൊന്നുമല്ലെന്ന് അഭിമുഖത്തിൽ സമ്മതിച്ച് ബിലാവൽ, അതിന്റെ ഫലമായി രാജ്യം ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും വ്യക്തമാക്കി.
ഭീകരപ്രവർത്തനത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുകയാണെന്ന ഇന്ത്യയുടെ ആരോപണം ചൂണ്ടിക്കാണിച്ചപ്പോൾ ഇന്ത്യ കൃത്യവും വ്യക്തവുമായ തെളിവുകൾ പാക്കിസ്ഥാനും രാജ്യാന്തര സമൂഹത്തിനും നൽകണമെന്ന് ബിലാവൽ ആവശ്യപ്പെട്ടു.