ടാപ്പിംഗിലേക്കു കടക്കാൻ റബർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, May 5, 2025 12:55 AM IST
ഏഷ്യൻ മേഖലയിലെ പ്രമുഖ റബർ ഉത്പാദക രാജ്യങ്ങൾ ടാപ്പിംഗ് സീസണിനുള്ള തയാറെടുപ്പിൽ, ഉത്പാദകരിൽ ആവേശം ജനിപ്പിക്കാൻ ഊഹക്കച്ചവടക്കാർ മുൻനിര അവധി വ്യാപാര കേന്ദ്രങ്ങളിൽ വാങ്ങലുകാരുടെ മേലങ്കി അണിഞ്ഞു. ഇന്ത്യൻ റബറിന് 199ലെ പ്രതിരോധം ബാലികേറാമലയായി. കുരുമുളക് റിക്കാർഡ് കുതിപ്പിന് ശേഷമുള്ള സാങ്കേതിക തിരുത്തലിൽ. തമിഴ്നാട്ടിൽ നാളികേര വിളവെടുപ്പ് ഊർജിതം, കൊപ്ര വില ഇടിഞ്ഞു. ആഭരണ വിപണികളിൽ സ്വർണ വില കുറഞ്ഞു.
തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ സഖ്യം അനുകൂല കാലാവസ്ഥ മുന്നിൽ കണ്ട് റബർ ടാപ്പിംഗിനുള്ള ഒരുക്കത്തിലാണ്. കാര്യങ്ങൾ അവരുടെ വഴിക്ക് വരികയാണെങ്കിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് വാഗ്ദാനം ചെയ്യും. നിലവിൽ ഉത്പാദകർക്ക് ആവേശം പകരാനുള്ള നീക്കങ്ങൾ മുൻനിര അവധി വ്യാപാര കേന്ദ്രങ്ങളിൽ അരങ്ങേറുന്നു. പിന്നിട്ടവാരത്തിന്റെ അവസാന ദിനങ്ങളിൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനും ഒപ്പം പുതിയ വാങ്ങലുകൾക്കും അണിയറ നീക്കം നടത്തി.
ഒസാക്ക എക്സ്ചേഞ്ചിന് 289 യെന്നിൽനിന്നും റബർ 299 വരെ ഉയർന്നെങ്കിലും ഏറെ നിർണായകമായ 300ലെ വൻമല കടക്കാനാവാതെ വാരാന്ത്യം 293 യെന്നിലാണ്. ഈവാരം വീണ്ടും 300ലെ തടസം ഭേദിക്കാൻ നീക്കം നടത്താം, അത് വിജയിച്ചാൽ 316 യെന്നിലേക്ക് ഉറ്റുനോക്കാം. ഉയർന്ന റേഞ്ചിൽ വിൽപ്പന സമ്മർദം ഉടലെടുത്താൽ 281ലെ താങ്ങിൽ പിടിച്ചുനിൽക്കാൻ റബർ ശ്രമം നടത്താം.
വേനൽമഴ സംസ്ഥാനത്ത് സജീവമെങ്കിലും നിർത്തിവച്ച റബർ ടാപ്പിംഗ് എപ്പോൾ പുനരാരംഭിക്കാനാവുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. അതേസമയം ഉൾനാടൻ ഗ്രാമങ്ങളിൽ ചെറുകിട കർഷകർ റബർ വെട്ടിന് നീക്കം തുടങ്ങി. ഇതിനിടയിൽ നാലാം ഗ്രേഡ് റബർ 200 മറികടക്കാൻ ടയർ ലോബി അവസരം നൽകിയില്ല. കിലോ 199 രൂപ വരെ കയറിയശേഷം 197ലാണ് വാരാന്ത്യം. വിദേശ വാങ്ങലുകാരുടെ കടന്നുവരവിൽ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നിരക്ക് 189 രൂപയിൽ നിന്നും 200 രൂപയായി ഉയർന്നു.
കുരുമുളകിന് ഇടിവ്
റിക്കാർഡ് പ്രകടനങ്ങളുടെ ആവേശം കെട്ടടങ്ങും മുന്നേ കുരുമുളകിന് നേരിട്ട വിലയിടിവ് കണക്കിലെടുത്ത് ഒരു വിഭാഗം കർഷകർ ചരക്ക് വിൽപ്പന കുറച്ചു. പിന്നിട്ടവാരം എല്ലാ ദിവസവും വില താഴ്ന്നാണ് ഇടപാടുകൾ നടന്നത്. വ്യവസായികൾ നിലവാരവും വിലയും കുറഞ്ഞ ചരക്ക് നേരത്തേ ഇറക്കുമതി നടത്തിയിരുന്നു. ആ സ്റ്റോക്ക് വിറ്റുമാറാൻ നടത്തിയ നീക്കങ്ങൾ നാടൻ മുളകിന് തിരിച്ചടിയായി.

ശ്രീലങ്കൻ തുറമുഖമായ കൊളംബോ വഴി എത്തിച്ച വിയറ്റ്നാം കുരുമുളകാണ് വ്യവസായികൾ ഹൈറേഞ്ച് മുളകുമായി കലർത്തി വിറ്റഴിക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 69,500 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8600 ഡോളർ.
ഏലത്തിന് ഡിമാൻഡ്
സംസ്ഥാനത്ത് വിവാഹ സീസണായതിനാൽ ഏലത്തിന് പതിവിലും ഡിമാൻഡ്. വിദേശ രാജ്യങ്ങളിൽ നിന്നും ചരക്കിന് അന്വേഷണങ്ങളുണ്ട്. കയറ്റുമതിക്കാർ ബക്രീദ് ഡിമാൻഡ് മുന്നിൽ കണ്ട് ഏലക്ക സംഭരിക്കുന്നു.

കീടനാശിനി സാന്നിധ്യത്തിന്റെ പേരിൽ സൗദി അറേബ്യ ഇന്ത്യൻ ചരക്ക് വാങ്ങുന്നില്ലെങ്കിലും അവർ ദുബായി വഴി നമ്മുടെ ചരക്ക് യഥേഷ്ടം ഇറക്കുമതി നടത്തുന്നുണ്ട്. മികച്ചയിനങ്ങൾ ഏലക്ക കിലോ 2618 രൂപയിലും ശരാശരി ഇനങ്ങൾ 2097 രൂപയിലുമാണ് വാരാന്ത്യം.
നാളികേരത്തിനു തിരിച്ചടി
തമിഴ്നാട്ടിൽ നാളികേര വിളവെടുപ്പിന് തോട്ടങ്ങൾ മത്സരിച്ചതിനിടയിൽ വൻകിട മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചു. വ്യവസായികളുടെ തന്ത്രപരമായ നീക്കത്തിനിടയിൽ പച്ചത്തേങ്ങ വിറ്റുമാറാൻ വൻകിട കർഷകർ കൂട്ടത്തോടെ രംഗത്തെത്തിയത് റിക്കാർഡ് നിലവാരത്തിൽനിന്നും നാളികേരോത്പന്നങ്ങളെ പിന്നാക്കം വലിച്ചു. കൊപ്രയ്ക്ക് നേരിട്ട തിരിച്ചടി കണക്കിലെടുത്താൽ മില്ലുകാർ സ്റ്റോക്കുള്ള എണ്ണ പരമാവധി വേഗത്തിൽ വിറ്റുമാറാൻ ഇടയുണ്ട്.

കൊച്ചിയിൽ വെളിച്ചെണ്ണ റിക്കാർഡ് വിലയായ 26,900 രൂപയിൽനിന്നും 26,300ലേക്ക് ഇടിഞ്ഞു. കൊപ്ര വില ക്വിന്റലിന് 600 രൂപ കുറഞ്ഞ് 17,500 രൂപയായി. മാസാരംഭമായതിനാൽ പ്രദേശിക വിപണികളിൽ എണ്ണയ്ക്ക് ആവശ്യക്കാരുണ്ട്.
ആഭരണ വിപണിയിലെ തളർച്ച തുടരുന്നു. സ്വർണ വില പവന് 72,120 രൂപയിൽ നിന്നും 70,040 രൂപയായി.