യുപിഐ ഇടപാടുകളിൽ മാറ്റങ്ങൾ വരുന്നു
എസ്.ആർ. സുധീർ കുമാർ
Monday, May 5, 2025 12:54 AM IST
കൊല്ലം: യുപിഐ വഴി യുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. തെറ്റായ പേരുകൾ ഉള്ള അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന മാറ്റം. വഞ്ചനാപരമായ ഇടപാടുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
പുതിയ സംവിധാനം വരുമ്പോൾ ഒരാൾ പണം അയക്കുന്നത് ആർക്കാണോ ആ വ്യക്തിയുടെ യഥാർഥ പേര് കാണാൻ കഴിയും. ഇതുവരെ വ്യക്തികളുടെ അപരനാമത്തിലും വിളിപ്പേരിലുമൊക്കെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. പുതിയ സംവിധാനത്തിൽ അത് സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പേര് തന്നെ ഉണ്ടെങ്കിലേ ഇടപാടുകൾ സാധ്യമാകുകയുള്ളൂ.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഈ പുതിയ നിയമം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.യുപിഐ ആപ്പുകൾ പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിച്ച് ഉറപ്പിച്ച അക്കൗണ്ട് ഉടമകളുടെ പേരുകൾ കാണിക്കണം. എന്നാലേ പണം കൈമാറ്റം നടക്കുകയുള്ളൂ. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
വ്യക്തികൾ തമ്മിലുള്ള പണമിടപാടിലും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള ഇടപാടിലും ഇനി ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള പേരുകൾ കാണിക്കും. വ്യാജ പേരുകൾ ഉപയോഗിച്ച് അക്കൗണ്ടുകൾ സൃഷ്ടിച്ചുള്ള തട്ടിപ്പുകൾ ഒഴിവാക്കാൻ ഇത് ഉപകരിക്കും.