തളരാതെ ഇന്ത്യൻ ഓഹരി വിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 5, 2025 12:55 AM IST
ഇന്ത്യൻ ഇൻഡക്സുകൾ ബുള്ളിഷ്, അതിർത്തിയിൽ നിന്നുള്ള വെടിയൊച്ചകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് ബോംബെ സെൻസെക്സും നിഫ്റ്റിയും കൂടുതൽ മികവിനുള്ള തയാറെടുപ്പിലാണ്. നിഫ്റ്റി മുൻവാരം ഇതേ കോളത്തിൽ നൽകിയ രണ്ടാം പ്രതിരോധമായ 24,588 പോയിന്റിലെ തടസം ഭേദിച്ച് 24,589 പോയിന്റിലേക്ക് കയറാനായി. ഒരേ ഒരു പോയിന്റ് വ്യത്യാസമാണ് മറികടന്നതെങ്കിലും ആ കുതിപ്പ് വിപണിയുടെ അടിയൊഴുക്കിനെയാണ് വ്യക്തമാക്കുന്നത്. പിന്നിട്ടവാരം നിഫ്റ്റി സൂചിക 307 പോയിന്റും സെൻസെക്സ് 1289 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ഇന്ത്യൻ മാർക്കറ്റ് യുദ്ധാന്തരീക്ഷത്തിലും തിളങ്ങിയെങ്കിലും പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് മാർക്കറ്റിൽ ഇടപാടുകാർ പന്തം കണ്ട പെരുച്ചാഴി കണക്കേ നിക്ഷേപങ്ങൾ വാരിപ്പെറുക്കി പരക്കം പായുകയാണ്. പാക്കിസ്ഥാന് ഓഹരി ഇൻഡക്സിൽ കഴിഞ്ഞവാരം രക്തച്ചൊരിച്ചിൽ സംഭവിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ കെഎസ്ഇ 100 ഓഹരി സൂചിക ഏകദേശം 8000 പോയിന്റ് ഇടിഞ്ഞു.
ഇന്ത്യ സിന്ധു നദീതട കരാറില്‍നിന്നു പിന്മാറിയത് അവരുടെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാവും. ഇതിനിടയിൽ ഞായറാഴ്ച ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടർ ഇന്ത്യ താഴ്ത്തി. അതിര്‍ത്തികള്‍ അടച്ചതിനൊപ്പം നടക്കുന്ന സൈനിക അഭ്യാസങ്ങളും വൻകിട കന്പനികളുടെ അടിവേരിൽ വിള്ളലുളവാക്കാം. അതേസമയം വിവിധ വിദേശ രാജ്യങ്ങളുടെ പിന്തുണ അവർ തേടിയത് കാര്യങ്ങൾ കൂടുതൽ പരുങ്ങലിലേക്ക് നീങ്ങുമെന്ന സൂചനയായി വിലയിരുത്താം. പുതിയ വായ്പകൾ അവർക്ക് അനുവദിക്കരുതെന്ന് ഐഎംഎഫിനോട് ഇന്ത്യ അഭ്യർഥിച്ചതും പാക് സന്പദ്ഘടനയ്ക്ക് കനത്ത ഭീഷണിയാണ്.
പിന്നിട്ടവാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയതിൽ മൂന്ന് ദിവസവും വിപണികൾ നേട്ടത്തിലായിരുന്നു, വെള്ളിയാഴ്ച ഫണ്ടുകൾ മുൻനിര രണ്ടാം നിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ഫണ്ടുകൾ ഭൂരാഷ്ട്രീയ സംഭവവികാസങ്ങളും താരിഫ് തർക്കങ്ങളും വിപണിയുടെ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം വിപണിയുടെ അടിയൊഴുക്കും പ്രതിരോധ ശേഷിയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. വരാനിരിക്കുന്ന പുതിയ സാമ്പത്തിക ഡാറ്റ ഹ്രസ്വകാലയളവിലേക്ക് വിപണിയുടെ ദിശ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാം. അനുകൂലവും പ്രതികൂലവുമായ വാർത്തകൾക്കിടയിലും വിദേശ ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷേപകരായിരുന്നു.
നിഫ്റ്റി സൂചിക സാങ്കേതികമായി ഓവർ ബോട്ട് മേഖലയിലാണെങ്കിലും സൂചിക അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയിലും മുകളിൽ സഞ്ചരിക്കുന്നത് കരുത്തിനെ വ്യക്തമാക്കുന്നു.
പിന്നിട്ട രണ്ടാഴ്ചകളിലും സൂചന നൽകിയതാണ് ഓപ്പറേറ്റർമാർക്ക് ലാഭമെടുപ്പ് നടത്താമെന്നത്, അത് ശരിവച്ച് ഒരു വിഭാഗം പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. നിഫ്റ്റി 24,089ൽ നിന്നും മികവോടെയാണ് വ്യാപാരം പുനരാരംഭിച്ചത്. വിദേശ ധനകാര്യസ്ഥാപനങ്ങൾക്ക് ഒപ്പം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും കനത്ത നിക്ഷേപത്തിന് താത്പര്യം കാണിച്ചത് സൂചികയെ 24,589 വരെ ഉയർത്തി. ഈ അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു മത്സരിച്ചതിനാൽ വാരാന്ത്യം സൂചിക 24,346 പോയിന്റിലാണ്.
നിഫ്റ്റിക്ക് 24,593 ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ 24,841ലേക്കും തുടർന്ന് 25,341ലേക്കും ഉയരാനാവശ്യമായ ഊർജം കണ്ടെത്താനാവും. അതേ സമയം രണ്ടാം പ്രതിരോധ മേഖലയിൽ കാലിടറിയാൽ വിപണിക്ക് 24,093-23,841 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പരാബോളിക്ക് എസ്എആറും എംഎസിഡിയും നിക്ഷേപകർക്ക് അനുകൂലമാണ്. ഇതിനിടയിൽ വീക്ക്ലി ചാർട്ടിൽ ഒക്ടോബർ 21 നുശേഷം ആദ്യമായി സൂപ്പർ ട്രെൻഡ് ബുള്ളിഷ് സിഗ്നൽ നൽകി.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 79,212 പോയിന്റിൽ നിന്നും 80,000വും 81,000വും കടന്ന് 81,173 പോയിന്റ് വരെ കുതിച്ചു. വ്യാപാരാന്ത്യം സൂചിക 80,509 പോയിന്റിലാണ്. ഈവാരം 81,288 ലെ ആദ്യ തടസം മറികടന്നാൽ 82,076ൽ വീണ്ടും പ്രതിരോധം തലയുയർത്താം. ഇതിനിടയിൽ അതിർത്തിയിൽ നിന്നും അനുകൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 83,767 വരെ സഞ്ചരിക്കാം. വിപണിയുടെ താങ്ങ് 79,597- 78,694 പോയിന്റിലാണ്.
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം മൊത്തം 7680.09 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ 9269.47 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇരുകൂട്ടരും എല്ലാ ദിവസവും നിക്ഷേപകരായി രംഗത്ത് ഇറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം.
രൂപയുടെ മൂല്യം 85.44ൽനിന്നും ഒരവസരത്തിൽ 83.76ലേക്ക് കരുത്ത് നേടിയ ശേഷം വ്യാപാരാന്ത്യം 84.47ലാണ്. നിലവിലെ സ്ഥിതിയിൽ രൂപ 84.75ലേക്ക് ദുർബലമാകാൻ സാധ്യത. കരുത്ത് നേടാൻ ശ്രമം നടന്നാൽ 84.30ലേക്ക് സഞ്ചരിക്കാം.
ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3318 ഡോളറിൽ നിന്നും 3220ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 3229 ഡോളറിലാണ്.