ഷി ചിൻപിംഗിന്റെ റഷ്യാ സന്ദർശനം ഏഴു മുതൽ
Monday, May 5, 2025 3:55 AM IST
മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവ്യറ്റ് സേന നാസികളെ പരാജയപ്പെടുത്തിയതിന്റെ 80-ാം വർഷികത്തോടനുബന്ധിച്ചുള്ള വിക്ടറി ഡേ ആഘോഷത്തിൽ മുഖ്യാതിഥിയായ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഏഴു മുതൽ പത്തു വരെ റഷ്യയിൽ സന്ദർശനം നടത്തുമെന്നു ക്രെംലിൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന ഷി രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തും.
ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ അടക്കം മറ്റു ചില ലോകനേതാക്കളും വിക്ടറി ഡേ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണു റിപ്പോർട്ട്. ആഘോഷത്തോടനുബന്ധിച്ച് യുക്രെയ്ൻ യുദ്ധത്തിൽ മൂന്നു ദിവസത്തെ വെടിനിർത്തൽ പുടിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
30 ദിവസം വരെ വെടിനിർത്താൻ തയാറാണെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇതിനോട് പ്രതികരിച്ചത്.
അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെത്തുന്ന ലോക നേതാക്കളുടെ സുരക്ഷ ഉറപ്പു നല്കാൻ യുക്രെയ്നാവില്ലെന്നും അദ്ദേഹം പറഞ്ഞു.